ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തിലെത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ കാലവര്‍ഷം കേളത്തിലേക്കെത്താൻ വൈകുമെന്നാണ് കാലവസ്ഥ വിദഗ്ധരുടെ നിഗമനം. പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ മണ്‍സൂണ്‍ മഴ ആരംഭിക്കാന്‍ അല്‍പം വൈകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധനായ രാജീവന്‍ ഇരിക്കുളം ദ ഫോര്‍ത്തിനോട് പറഞ്ഞു. 

കാലവര്‍ഷക്കാറ്റ് അറബിക്കടലില്‍ പ്രവേശിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന അനുസരിച്ച് ലക്ഷ ദ്വീപ് വരെ കാലവര്‍ഷം എത്തിയിട്ടുണ്ട്.കേരളത്തിലെത്താന്‍ ഇനിയും സമയമെടുത്തേക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കേരളത്തില്‍ തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്നത് വേനല്‍ മഴയാണ്. ഇടിമിന്നല്‍ മേഘങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ വരും ദിവസങ്ങളിലും ഈ മഴ തുടരാന്‍ സാധ്യതയുണ്ട്. ഇതിനെ മണ്‍സൂണായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അന്തിമമായി കേരളത്തില്‍ കാലവര്‍ഷം എത്തിയ കാര്യം പ്രഖ്യാപിക്കേണ്ടത് കേന്ദ്ര കാവസ്ഥാ വകുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഏഴോടെ കാലവര്‍ഷം എത്തുമെന്നാണ് സ്‌കൈമെറ്റ് വെതര്‍ ഏജന്‍സിയുടെ പ്രവചനം.