‘ന്നാ താൻ കേസുകൊട്’ എന്ന സിനിമ തിയേറ്ററുകളില്‍ കൊയ്ത്ത് തുടരുകയാണ്. റോഡിലെ ഒരു കുഴി ഉണ്ടാക്കിയ സംഭവ പരമ്പരയുമായി പൊട്ടിച്ചിരി നിറച്ച് നാലാഴ്ച്ചയായി പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ അമ്പത് കോടി ക്ലബ്ബിൽ കയറിക്കഴിഞ്ഞു. ഈ വിജയം ആഘോഷിക്കാന്‍ ആഡംബര എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ രതീഷ് ബാലകൃഷ്‍ണ പൊതുവാള്‍. 

സംവിധായകന്‍ വാഹനം സ്വന്തമാക്കിയ വിവരം സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചത്. പുതിയ വാഹനം സ്വന്തമാക്കുന്നതിന് കേരളാ വോള്‍വോയെ തിരഞ്ഞെടുത്തതില്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം നന്ദിയും അറിയിക്കുന്നു. പുതിയ കാറുകള്‍ മൈലുകള്‍ കണക്കിന് പുഞ്ചിരികള്‍ ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് സംവിധായകന്‍ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം വോള്‍വോ പങ്കുവെച്ചത്. സിനിമ പോസ്റ്ററിന്റെ മാതൃകയില്‍ ന്നാ സാര്‍ വണ്ടി എട് എന്നെഴുതിയ പോസ്റ്ററും ഡീലര്‍ഷിപ്പില്‍ സ്ഥാപിച്ചായിരുന്നു വാഹനം കൈമാറിയത്. 93.90 ലക്ഷം രൂപ മുതല്‍ 96.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇതില്‍ ഏത് വേരിയന്‍റാണ് സംവിധായകന്‍ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.