തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ ഗൂഗിള്‍പേ മുഖേന “കാഷ്‌ലെസ്‌” കൈക്കൂലിയും! സംസ്‌ഥാനത്തെ ആര്‍.ടി. ഓഫീസുകളില്‍ ഇന്നലെ വിജിലന്‍സ്‌ നടത്തിയ മിന്നല്‍പരിശോധനയില്‍ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങള്‍. ഏജന്റുമാര്‍ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയശേഷം എ.ടി.എം കാര്‍ഡുകള്‍ ഉദ്യോഗസ്‌ഥര്‍ക്കു നല്‍കി കൈക്കൂലി കൈമാറുന്നതായ പരാതികളുടെ അടിസ്‌ഥാനത്തിലാണു സംസ്‌ഥാനവ്യാപകമായി ഒരേസമയം റെയ്‌ഡ്‌ നടത്തിയത്‌. വിജിലന്‍സ്‌ ഡയറക്‌ടര്‍ മനോജ്‌ ഏബ്രഹാമിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഓപ്പറേഷന്‍ ജാസൂസ്‌ എന്ന പേരിലുള്ള പരിശോധന.

കോട്ടയം ആര്‍.ടി. ഓഫീസിലെ പരിശോധനയിലാണ്‌ ഡ്രൈവിങ്‌ സ്‌കൂള്‍ ഏജന്റുമാര്‍ ഉദ്യോഗസ്‌ഥര്‍ക്കു ഗൂഗിള്‍പേ മുഖേന 1,20,000 രൂപ നല്‍കിയെന്നു കണ്ടെത്തിയത്‌. അടിമാലി ആര്‍.ടി.ഒയില്‍ പലപ്പോഴായി 97,000 രൂപയും ചങ്ങനാശേരി ആര്‍.ടി. ഓഫീസ്‌ ഉദ്യോഗസ്‌ഥന്‌ 72,200 രൂപയും ഇതേ രീതിയില്‍ കൈമാറിയതായി കണ്ടെത്തി. കാഞ്ഞിരപ്പള്ളി ആര്‍.ടി.ഒയിലെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കു ഗൂഗിള്‍പേ മുഖേന ഏജന്റുമാര്‍ 15,790 രൂപയാണു കൈമാറിയത്‌.

തിരുവനന്തപുരം നെടുമങ്ങാട്ടെ ഓട്ടോ കണ്‍സള്‍ട്ടന്‍സി ഓഫീസില്‍നിന്ന്‌ 1,50,000 രൂപയും കൊണ്ടോട്ടി ആര്‍.ടി. ഓഫീസിലുണ്ടായിരുന്ന ഒരു ഏജന്റിന്റെ കാറില്‍നിന്ന്‌ 1,06,205 രൂപയും പിടിച്ചെടുത്തു. ആലപ്പുഴ ആര്‍.ടി. ഓഫീസിലുണ്ടായിരുന്ന രണ്ട്‌ ഏജന്റുമാരില്‍നിന്ന്‌ 72,412 രൂപയും വെള്ളരിക്കുണ്ട്‌ ജോയിന്റ്‌ ആര്‍.ടി. ഓഫീസില്‍ രണ്ട്‌ ഏജന്റുമാരില്‍നിന്ന്‌ 38,810 രൂപയും പിടിച്ചെടുത്തു.

വടകര ആര്‍.ടി. ഓഫീസിലെ ടൈപ്പിസ്‌റ്റിന്റെ ബാഗില്‍നിന്നു വിവിധ ആവശ്യങ്ങള്‍ക്കുള്ള നിരവധി അപേക്ഷകളും ആര്‍.സി. ബുക്കുകളും സ്‌റ്റിക്കറുകളും കണ്ടെത്തി. കഴക്കൂട്ടം എസ്‌.ആര്‍.ടി.ഒ. പരിസരത്ത്‌ ഉപേക്ഷിക്കപ്പെട്ട ബാഗില്‍നിന്ന്‌ ആര്‍.സി. ബുക്കുകളും ലൈസന്‍സുകളും വാഹനസംബന്ധമായ രേഖകളും കണ്ടെത്തി. മൂവാറ്റുപുഴ ആര്‍.ടി. ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറില്‍നിന്ന്‌ ഒന്‍പത്‌ എ.ടി.എം. കാര്‍ഡുകള്‍ കണ്ടെടുത്തു. ഇതില്‍ അഞ്ചെണ്ണം ഉദ്യോഗസ്‌ഥന്റെ പേരിലുള്ളതല്ല.

ഏജന്റുമാരെ തിരിച്ചറിയാനായി പ്രത്യേക അടയാളങ്ങളിട്ട നിരവധി അപേക്ഷകള്‍ കണ്ടെടുത്തു. കോഴിക്കോട്‌ ആര്‍.ടി. ഓഫീസില്‍ വാഹന രജിസ്‌ട്രേഷനായുള്ള 2523 അപേക്ഷകളില്‍ 1469 എണ്ണത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, പീരുമേട്‌ ഓഫീസുകളില്‍ ഏജന്റുമാര്‍ അടയാളമിട്ട്‌ നല്‍കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതായും കണ്ടെത്തി.