കൊച്ചി: കാനഡയിലെ ആല്‍ബര്‍ട്ടയില്‍ ബോട്ടപകടത്തില്‍ മരിച്ച മൂന്നാമത്തെ മലയാളിയുടെ മൃതദേഹം കിട്ടി. ചാലക്കുടി അതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി (41) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ രണ്ട് യുവാക്കള്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു.

വീക്കെന്‍ഡ് ആഘോഷിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടം. മലയാറ്റൂര്‍ നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിന്‍ ഷാജി (21) എന്നിവരാണ് മരിച്ചത്. സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടു. തൃശൂര്‍ സ്വദേശി ജിജോ ജോഷിയാണ് രക്ഷപെട്ടത്. 

കാനഡയിലെ ബാൻഫ് നാഷനൽ പാർക്കിലെ കാൻമോർ സ്പ്രേ തടാകത്തിൽ ഞായറാഴ്ച രാവിലെ 10.30 ന് (ഇന്ത്യൻ സമയം രാത്രി 10.00 ) ആയിരുന്നു അപകടം. ജിയോയുടെ സ്വന്തം ബോട്ടിൽ മീൻപിടിക്കുന്നതിനായി പോയതായിരുന്നു നാലംഗ സംഘം. ഇവർ സാധാരണ ഇത്തരത്തിൽ ഉല്ലാസ യാത്ര പോകുന്ന പതിവുണ്ടെന്നു പറയുന്നു.

സംഘത്തിൽ നീന്തൽ അറിയുന്നവരായിരുന്നു മരിച്ച മൂന്നു പേരും. രക്ഷപെട്ട ജിജോ ജോഷിക്ക് നീന്തൽ അറിയില്ലാത്തതിനാൽ ഇവർ രക്ഷപെടുത്താൻ ശ്രമിച്ചതായി പറയുന്നു. ജിജോയെ ഒരുവിധത്തിൽ കരയ്ക്കു കയറ്റാനായെങ്കിലും മറ്റു മൂന്നു പേർക്കും ജീവൻ നഷ്ടമായി. കടുത്ത തണുപ്പായതിനാലാണ് രക്ഷപെടാൻ സാധിക്കാതെ പോയതെന്നു പറയുന്നു.