തൃശ്ശൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഉദ്യോഗസ്ഥസംഘത്തിലേക്ക് തൃശ്ശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയും. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ കൃഷ്ണതേജയെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയോഗിച്ചേക്കുമെന്നാണ് സൂചന. ഡെപ്യൂട്ടേഷനിലായിരിക്കും നിയമനം. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയാണ് കൃഷ്ണതേജ.
15 ദിവസത്തെ അവധിയിൽ കൃഷ്ണതേജ ഇപ്പോൾ നാട്ടിലാണ്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കാലത്താണ് ജനപ്രിയപദ്ധതികളും ഇടപെടലുകളും വഴി പൊതുശ്രദ്ധ നേടിയത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച ബാല്യത്തെപ്പറ്റി അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദധാരിയാണ്.
കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ, ടൂറിസം വകുപ്പ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് തൃശ്ശൂരിൽ അസിസ്റ്റന്റ് കളക്ടറായിരുന്നു. കുട്ടികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് കൃഷ്ണതേജയ്ക്ക് ദേശീയ ബാലാവകാശസംരക്ഷണ കമ്മിഷന്റെ പുരസ്കാരം ലഭിച്ചിരുന്നു. ഈ അവസരത്തിൽ പവൻ കല്യാൺ അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചു.



