ഹജ്ജ് തീർഥാടനത്തിനിടെ കടുത്ത ചൂടിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. എല്ലാവരും ജോർദാൻ പൗരന്മാരാണ്. കടുത്ത ചൂടിനെ തുടർന്നുണ്ടായ സൂര്യാഘാതമാണ് മരണകാരണം.
17 പേരെ കാണാതായതായി ജോർദാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജോർദാൻ അധികൃതർ അറിയിച്ചു.
അഞ്ച് ഇറാനിയൻ തീർഥാടകർക്കും ജീവൻ നഷ്ടപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സ്ഥിരീകരിച്ചു. എന്നാല്‍ മരണകാരണം വ്യക്തമല്ല.
സൗദി ജനറല്‍ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം, മൊത്തം 18,33,164 തീർഥാടകരാണ് രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നുമായി വാർഷിക ഹജ്ജ് തീർഥാടനത്തിനായി എത്തിയത്
ഏകദേശം 18 ലക്ഷം പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഇത്തവണയെത്തിയത്. 46 ഡിഗ്രി സെല്‍ഷ്യസിലും അധികമായിരുന്നു ഈ ആഴ്ച ചൂട് രേഖപ്പെടുത്തിയത്.
മക്കയിലും മദീനയിലും സാധാരണ താപനിലയേക്കാള്‍ 1.5 മുതല്‍ 2 ഡിഗ്രി വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി അയ്മാൻ ഗുലാം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.



