ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര ഇന്ത്യക്ക്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനം 99 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105), സൂര്യകുമാര്‍ യാദവ് (72), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വിജയലക്ഷ്യത്തിലേക്ക് ഓസീസ് ബാറ്റ് ചെയ്യുന്നതിനെ മഴയെത്തി. ഇതോടെ വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ ഓസീസ് 28.2 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി. സീന്‍ അബോട്ടാണ് (54) ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. 

മോശം തുടക്കമാണ് ഓസീസിന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ മാത്യു ഷോര്‍ട്ട് (9), സ്റ്റീവന്‍ സ്മിത്ത് (0) എന്നിവരെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. പിന്നീട് ഡേവിഡ് വാര്‍ണര്‍ (53) – മര്‍നസ് ലബുഷെയ്ന്‍ (27) സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലബുഷെയ്‌നിനെ പുറത്താക്കി അശ്വിന്‍ ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ജോഷ് ഇന്‍ഗ്ലിസ് (6), അലക്‌സ് ക്യാരി (14), കാമറൂണ്‍ ഗ്രീന്‍ (19), ആഡം സാംപ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ വാര്‍ണറും മടങ്ങി.

സീന്‍ അബോട്ട് () വാലറ്റത്ത് തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ജോഷ് ഹേസല്‍വുഡ് (23), സ്‌പെന്‍സര്‍ ജോണ്‍സണ്‍ () എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.