അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിനു മുന്നോടിയായി, ഓഷ്വിറ്റ്സ് ഭീകരതയെക്കുറിച്ച് ഒരിക്കലും മറക്കരുതെന്ന് ലോകത്തെ ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. അതേസമയം നിലവിലെ ആഗോള സംഘട്ടനങ്ങളിൽ സമാധാനത്തിനായി പാപ്പ അഭ്യർഥിക്കുകയും ചെയ്തു. ജനുവരി 26 ന് ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷം സംസാരിക്കവെയാണ് ജർമൻ നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡനകൾക്ക് ഈ വർഷം 80 വർഷം തികയുന്നുവെന്ന് പാപ്പ ഓർമിപ്പിച്ചത്.
“ആ വർഷങ്ങളിൽ ദശലക്ഷക്കണക്കിന് യഹൂദരെയും വ്യത്യസ്ത വിശ്വാസങ്ങളിൽപെട്ട പലരെയും ഉന്മൂലനം ചെയ്ത ഭീകരത ഒരിക്കലും മറക്കാനോ, നിഷേധിക്കാനോ പാടില്ല. നാസി ക്യാമ്പുകളിൽ നിരവധി ക്രിസ്ത്യാനികളും കൊല്ലപ്പെട്ടു. അവരിൽ നിരവധി രക്തസാക്ഷികളും ഉണ്ടായിരുന്നു. എല്ലാ രൂപത്തിലുള്ള വിവേചനത്തിനും മതപരമായ പീഡനത്തിനും ഒപ്പം യഹൂദവിരുദ്ധത ഇല്ലാതാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ അഭ്യർഥിക്കുന്നു” – പാപ്പ പറഞ്ഞു.
“നമുക്ക് കൂടുതൽ സാഹോദര്യവും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കാം. സാഹോദര്യത്തിന്റെയും ക്ഷമയുടെയും സമാധാനത്തിന്റെയും ആത്മാവിൽ എല്ലാവരോടും ഹൃദയം തുറന്നിരിക്കാൻ യുവജനങ്ങളെ ബോധവൽക്കരിക്കാം” – മാർപാപ്പ ആഹ്വാനം ചെയ്തു. 2023 ഏപ്രിലിൽ ആരംഭിച്ച സുഡാനിലെ പ്രതിസന്ധിയെക്കുറിച്ചും ഫ്രാൻസിസ് പാപ്പ സംസാരിച്ചു.



