ന്യൂഡൽഹി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 230 പേർ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
‘ഇത്തരത്തിൽ വൻ അപകടങ്ങൾ മുമ്പ് ഉണ്ടായിരുന്നപ്പോഴെല്ലാം റെയിൽവേ മന്ത്രിമാർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരും അത്തരം കാര്യങ്ങൾ സംസാരിക്കാൻ പോലും തയാറാകുന്നില്ല’ -എന്ന് എൻ.സി.പി നേതാവ് അജിത് പവാർ പറഞ്ഞു.
സിഗ്നൽ പ്രശ്നങ്ങൾ മൂലം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചെന്നത് അവിശ്വസനീയമായ തരത്തിൽ ഞെട്ടലുളവാക്കുന്നു. ഇത് ഉത്തരം ലഭിക്കേണ്ട ഗൗരവമായ ചോദ്യമുയർത്തുന്നുണ്ട്. മനഃസാക്ഷിയുണ്ടെങ്കിൽ മന്ത്രി രാജിവെക്കണം – തൃണമൂൽ വക്താവ് സാകേത് ഗോഖലെ പറഞ്ഞു.
സർക്കാർ ആഡംബര ട്രെയിനുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാധാരണക്കാർക്കുള്ള ട്രെയിനുകളും ട്രാക്കുകളും അവഗണിക്കപ്പെടുകയാണ്. അതിന്റെ ഫലമാണ് ഒഡിഷയിലെ മരണം. റെയിൽവേ മന്ത്രി രാജിവെക്കണം. – സി.പി.ഐ നേതാവ് ബിനോയ് വിശ്വം ആശ്യപ്പെട്ടു.
മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഓർക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവർ രാജിവെക്കണം. റെയിൽവേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.