മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു. ആനയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്. തുമ്പിക്കൈയിലെ മുറിവുകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കി. ഒരു ദിവസമായി അനിമല്‍ ആംബുലന്‍സിലായിരുന്നു ആന.
ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും. ആനയെ തുറന്നുവിട്ടത് തമിഴ്‌നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. നേരത്തെ ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വനത്തിലേക്ക് തുറന്നുവിടുന്നത് നീട്ടിവെയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചികിത്സ നല്‍കിയ ശേഷം ആനയെ തുറന്നുവിടുകയായിരുന്നു. കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്.
ഇതിനിടെ അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയാണ് പരിഗണിയ്ക്കുക. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയില്‍ ആനയെ സൂക്ഷിയ്ക്കണമെന്ന് ഇന്നലെ കോടതി നിര്‍ദേശിച്ചിരുന്നു. മയക്കം വിട്ടുണരുന്ന കാട്ടാനയെ ബന്ധിച്ച് സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളടക്കം വനംവകുപ്പ് അറിയിച്ചതോടെ ഹൈക്കോടതി ഇന്നലെ നിര്‍ദേശം മാറ്റി.
കഴിഞ്ഞ കുറച്ചുദിവസമായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിച്ചിരുന്ന ആന പുലര്‍ച്ചയോടെ ജനവാസ കേന്ദ്രത്തിലിറങ്ങിയിരുന്നു. ഇതോടെ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുകയായിരുന്നു. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് ആനയ്ക്ക് മയക്കുവെടിയേറ്റത്. തമിഴ്നാട് വനംവകുപ്പാണ് വെടിവെച്ചത്. ഇതോടെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആന നിലയുറപ്പിക്കുകയായിരുന്നു. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയ ആനയെ തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ മയക്കുവെടിയേറ്റ ആനയ്ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് കാലുകള്‍ വടം ഉപയോഗിച്ച് ബന്ധിച്ചത്. തുടർന്നാണ് തുമ്പിക്കൈയിലെ മുറിവ് അടക്കം പരിഗണിച്ച് ചികിത്സ നൽകിയത്.