ഒറ്റപ്പാലം: അനന്യസാധാരണമായ അഭിനയ മികവുകൊണ്ട് ജീവിതഗന്ധികളായ ഒട്ടനേകം കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ പതിനഞ്ചാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. മലയാള സിനിമാലോകവും ആസ്വാദകവൃന്ദങ്ങളാരാലും ഓര്‍മ്മിക്കാതെയാണ് ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന അതുല്യ നടന്റെ ചരമവാര്‍ഷികം കടന്നുപോയത്. ഒടുവിലിന്റെ പേരില്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച അവാര്‍ഡും ചരമവാര്‍ഷികം പോലെ വിസ്മൃതിയിലാണ്.
ഇനിയും ആടാന്‍ അനേകം കഥാപാത്രങ്ങള്‍ ബാക്കി വച്ചായിരുന്നു ‘പെരിങ്ങോടന്’ സിനിമയില്ലാത്ത ലോകത്തേക്ക് മറഞ്ഞുപോയത്. സത്യന് അന്തിക്കാടിന്റെ രസതന്ത്രത്തിലൂടെ അവസാന ഭാവ രസവും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ആവാഹിച്ച ഒടുവില്‍ ഉണ്ണികൃഷ്ണന് ചായങ്ങള്‍ ഇല്ലാത്ത ഫ്രെയിമിലേക്ക് യാത്രയായിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടുവെന്ന് പ്രേക്ഷകര്‍ക്ക് ഇപ്പോഴും വിശ്വസിക്കുക പ്രയാസമാണ്.
നായക കേന്ദ്രീകൃതമായ മലയാള സിനിമയുടെ ചട്ടക്കൂടുകള്‍ക്ക് പുറത്ത് നായകനൊപ്പമോ അതിനും മുകളിലോ നാലുപതിറ്റാണ്ടിന്റെ അഭിനയ മികവുകൊണ്ട് നടന്ന് കയറിയിട്ടുണ്ട് ഒടുവില്‍ ഉണ്ണികൃഷ്ണന്. പിന്നിട്ട കാലങ്ങള്‍ അത്രയും ഒടുവില്‍ എന്ന മഹാനടനെ ദൈനംദിന ജീവിതത്തില്‍ പലരായും അഭ്രപാളികളില്‍ കണ്ടതുമാണ്. വേഷ പകര്‍ച്ചയിലെ ഭാവ ശുദ്ധി, ജീവിതത്തിന് ശുഭം പറയുന്നത് വരെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഒടുവിലിന്.
ദേവാസുരത്തിലെ നീലകണ്ഠനെന്ന തളര്‍ന്ന് വീണു പോയ ആത്മസുഹൃത്തനെ കാണാന്‍ മന:ശക്തിയില്ലാതെ പഴയപടി ആകുന്ന ദിവസം വന്ന് കണ്ടോളം എന്ന് നിരുദ്ധകണ്ഠനായി പറഞ്ഞ് ഇടക്ക ചുമലിലേക്ക് വലിച്ചിട്ട് ഇരുളിലൂടെ അരിച്ചിറങ്ങി വന്ന നേര്‍ത്ത വെളിച്ചത്തില്‍ നടന്നു മറഞ്ഞ പെരിങ്ങോടന്റെ രൂപം ദുര്‍ബലമെന്ന് തോന്നിപ്പിക്കുമെങ്കിലും ആ ശരീരത്തില്‍ നിന്ന് വന്ന ശക്തമായ വേഷപകര്‍ച്ച ഇന്നും ഓരോ മലയാളിയുടെയും നെഞ്ചിനെ പൊള്ളിക്കുന്നതാണ്.
നാനൂറോളം സിനിമകള്‍ക്കൊപ്പം സഞ്ചരിച്ച ഒടുവില്‍ ഉണ്ണികൃഷ്ണന് തന്റെ വലത്തെ ചുമലില്‍ സദാസമയം കൊണ്ട് നടക്കുന്ന തോര്‍ത്ത് മുണ്ടിനെ പോലും അഭിനയ മുഹൂര്‍ത്തങ്ങളെ തീവ്രമാക്കാന്‍ അതി വിദഗ്ധമായി ഉപയോഗിച്ചിരുന്നത് തൊട്ടറിഞ്ഞവരാണ് മലയാള സിനിമ ലോകം. 2002ല്‍ അടൂര്‍ ഗോപാലകൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച നിഴല്‍കൂത്ത് എന്ന സിനിമയിലൂടെ ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി നേടിക്കൊടുത്തു.
അതിലെ പ്രധാന കഥാപാത്രമായ കാളിയപ്പന് എന്ന ആരാച്ചാരിന്റെ വേഷം സ്ക്രീനിനും ജീവിതത്തിനും ഇടക്ക് അവിസ്മരണീയമാം വിധം പകര്‍ന്നാടുകയായിരുന്നു അദ്ദേഹം. വറുതിയുടെ ചെറുപ്പകാലം കടന്ന് നാടക തിരശീലയിലൂടെ സിനിമയിലേക്ക് വന്നത് കൊണ്ടാകണം.
ഓരോ ഫ്രെയിമിലും ബിഗ് സ്ക്രീനിന് പുറത്തുള്ള ജീവിതം അദ്ദേഹത്തിലൂടെ പ്രേക്ഷകന് അനുഭവ ഭേദ്യമായത്. വൃക്ക സംബന്ധമായ അസുഖം ജീവിതത്തിന്റെ തിരശീല താഴ്ത്തിയപ്പോള്‍ മലയാളത്തിന് നഷ്ടമായത് ജീവിതത്തെ ഭാവപകര്‍ച്ചകള്‍ ഏതുമില്ലാതെ അഭ്രപാളികളില്‍ എത്തിച്ച മഹാനടനെയാണ്. 2006 മെയ് 27നാണ് ‘ഒടുവില്‍’ ചെയ്യാന്‍ ബാക്കിയാക്കിയ കഥാപാത്രങ്ങള്‍ ഫ്രെയിമില്‍ അവശേഷിപ്പിച്ച് യാത്രയായത്.



