കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് അസമി​ലേക്കും പശ്ചി​മബംഗാളി​ലേക്കും പോയി അവിടെ കുടുങ്ങിയ ബസുകള്‍ കേരളത്തിലേക്ക് മടക്കയാത്ര തുടങ്ങി.

450ലേറെ വണ്ടികളാണ് ലോക്ക്ഡൗണും മടക്കയാത്രയ്ക്ക് ആളെ കിട്ടാത്തതും കാരണം ഒരു മാസത്തിലേറെയായി കുടുങ്ങിയത്. 30ന് മുന്‍പ് അതിര്‍ത്തി കടക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ അസമിലുള്ള ബസുകളില്‍ പകുതിയോളം ബുധന്‍, വ്യാഴം ദിവസങ്ങളിലായി മടക്കയാത്ര തുടങ്ങി.

അസമില്‍ നിന്ന് 150 വണ്ടികള്‍ മടക്കയാത്രയി​ലാണെന്ന് അവി​ടെയുള്ള ഫ്രണ്ട്‌സ് ട്രാവല്‍സ് പ്രൊപ്രൈറ്ററും ബസുടമയുമായ സതീഷ് കല്യാശേരി പറഞ്ഞു. യാത്രക്കാരില്ലാതെ മടങ്ങുന്നതി​നാല്‍ വന്‍നഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം ജീവനക്കാര്‍ക്ക് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിട്ടു. ഗുണ്ടാ ഭീഷണിയും ഉദ്യോഗസ്ഥരുടെ ഭീഷണയുമുണ്ടായി​.സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ സഹായകമായെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ബസുകള്‍ തിരികെ എത്തിക്കുന്നതിന് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും മൂവാറ്റുപുഴ സ്വദേശിയായ ഡ്രൈവര്‍ അജേഷ് പറഞ്ഞു. നാട്ടിലെ ചില ഏജന്റുമാര്‍ ബസുകള്‍ കേരളത്തിലേക്ക് കാലിയായി മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 44 ബസുകള്‍ ഇങ്ങി​നെ മടങ്ങാനാകെ കിടക്കുന്നുണ്ട്. ഒന്നര മാസത്തിലേറെയായി അസമി​ല്‍ പെട്ടുപോയ ബസുകളുണ്ട്.കഴി​ഞ്ഞ ദി​വസം പശ്ചി​മബംഗാളില്‍ മരിച്ച ഡ്രൈവര്‍ പാവറട്ടി സ്വദേശി കെ.പി.നജീബിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴി​ഞ്ഞു. മൃതദേഹം വെള്ളിയാഴ്ച വിമാനമാര്‍ഗം

നാട്ടിലെത്തിക്കും.