പൂനെയിലെ ഐസ്‌ക്രീം കംപനിയുടെ ലൈസന്‍സ് ഫുഡ് സേഫ് റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യ (എഫ് എസ് എസ് എ ഐ – FSSAI) റദ്ദ് ചെയ്തു. മുംബൈയിലെ ഒരു ഡോക്ടര്‍ ഓര്‍ഡര്‍ ചെയ്ത ഐസ് ക്രീമില്‍ നിന്നും മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ഐസ് ക്രീം നിര്‍മിക്കുന്ന ഗോഡൗണ്‍ പരിസരം അന്വേഷണ സംഘം പരിശോധിച്ചതായി എഫ് എസ് എസ് എ ഐ ഉദ്ധരിച്ച് എ എന്‍ ഐ റിപോര്‍ട് ചെയ്തു.

എഫ് എസ് എസ് എ ഐ നടത്തിയ പരിശോധനയില്‍ പൂനെയിലെ ഇന്ദാപൂര്‍ ആസ്ഥാനമായുള്ള ഐസ് ക്രീം നിര്‍മാണ കംപനിക്ക് കേന്ദ്ര ലൈസന്‍സ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ വിശകലനത്തിനായി സ്റ്റേറ്റ് എഫ് ഡി എ, ഐസ് ക്രീം എത്തിച്ച് കൊടുത്ത ആളുടെ മുംബൈയിലെ താമസസ്ഥലത്തും പരിശോധനകള്‍ നടത്തി വിവിധ സാമ്പിളുകള്‍ ശേഖരിച്ചു. ഇതിന്റെ ഫോറന്‍സിക് ലാബ് പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. 

അതിനിടെ, ഫോര്‍ച്യൂണ്‍ ഡയറിയില്‍ നടന്ന സംഭവത്തില്‍, മലാഡ് പൊലീസ് അന്വേഷണം തുടങ്ങി. ഐസ് ക്രീം ബാചിന്റെ നിര്‍മാണ തീയതി, നിര്‍മാണ പ്രക്രിയ, ഉല്‍പ്പാദന സമയത്ത് സംഭവിച്ചേക്കാവുന്ന ഏതെങ്കിലും അപകടങ്ങള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം.

ഫോര്‍ച്യൂണ്‍ ഡയറിയില്‍ നിന്നാണ് ഐസ് ക്രീമിന്റെ വിതരണ ശൃംഖല കണ്ടെത്തിയത്. ഇന്ദാപൂരില്‍ ഹഡപ് സറിലെ ഒരു ഗോഡൗണിലേക്കും, പിന്നീട് ഭിവണ്ടിയിലെ സാകിനാക്കയിലേക്കും അവിടെ നിന്നും മലാഡിലെ ഒരു ഗോഡൗണിലേക്കും ഐസ് ക്രീം മാറ്റിയെന്നും, അവിടെ നിന്നുമാണ് ഡോ. ഫെറാവോയുടെ വസതിയില്‍ എത്തിച്ചതെന്നുമാണ് സംഭവത്തില്‍ ഐസ്‌ക്രീം ബ്രാന്‍ഡായ യുമ്മോയുടെ പ്രതികരണം.