മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന എകെ ആന്റണിയുടെ മകന്‍ അജിത് പോള്‍ ആന്റണി രാഷ്ട്രീയത്തിലേക്ക്. രാഹുല്‍ പ്രിയങ്ക ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റായി അജിത് പോള്‍ ആന്റണി ചുമതലയേറ്റു.

സംഘടനയുടെ ദക്ഷിണേന്ത്യയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്ന് രാഹുല്‍ പ്രിയങ്ക ഗാന്ധി സേന നേതാവ് ജഗദീഷ് ശര്‍മ്മ ട്വീറ്റ് ചെയ്തു. ദീര്‍ഘനാളത്തെ ദേശീയ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി എകെ ആന്റണി കേരളത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണ് അജിത് പോള്‍ ആന്റണിയുടെ രാഷ്ട്രീയപ്രവേശനമെന്നതും ശ്രദ്ധേയമാണ്.

രാജ്യസഭാംഗമായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ള എ കെ ആന്റണിയുടെ കാലാവധി 2022 ഏപ്രില്‍ രണ്ടിന് അവസാനിച്ചിരുന്നു. നിലവില്‍ എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് എകെ ആന്റണി.