എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയില്‍ 281 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 279 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധയുണ്ടായത്. ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ 95 ശതമാനത്തിലധികം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടാകുന്നത്.

മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയിലും പശ്ചിമ കൊച്ചിയിലും കൊവിഡ് വ്യാപനം അതി രൂക്ഷമാണ്. വെങ്ങോലയില്‍ മാത്രം 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പശ്ചിമകൊച്ചിയില്‍ 45 പേര്‍ക്കും.

പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ 10 തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപകമാകുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 250 ലധികം തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ പത്ത് ദിവസത്തിനകം രോഗം ബാധിച്ചത്. അതേസമയം, ജില്ലയില്‍ ഇന്ന് 185 പേര്‍ കൊവിഡ് മുക്തി നേടി. എറണാകുളം ജില്ലക്കാരായ 175 പേരുടെയും ഇതര സംസ്ഥാനത്തുനിന്നുള്ള ഒരാളുടെയും മറ്റു ജില്ലക്കാരായ ഒന്‍പതു പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.