വർഗീയ വിദ്വേഷത്താൽ കലാപ കലുഷിതമായ മണിപ്പൂരിൽനിന്ന് മറ്റൊരു ക്രൂരതയുടെ വാർത്തകൂടി പുറത്തുവരുന്നു. ജീവനോടെ ചുട്ടെരിക്കപ്പെട്ട ഏഴ് വയസുകാരൻ ടൻസിങ് ഹാങ്സിങ് എന്ന കുട്ടിയുടെ വാർത്തയാണ് ഏറ്റവും പുതിയത്. മെയ്തി മാതാവിനും കുകി പിതാവിനും ജനിച്ച ടൻസിങിനെ വെടിവച്ചശേഷം കലാപകാരികൾ ചുട്ടെരിക്കുകയായിരുന്നു. ’ദി ക്വിന്‍റ്’ ആണ് ടൻസിങിന്‍റെ കഥ ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
‘പപ്പാ, പപ്പാ…എന്നുള്ള വിളി രണ്ടുതവണ ഞാൻ കേട്ടു. എന്നാൽ പിന്നീട് എനിക്കത് കേൾക്കാനായില്ല. എന്‍റെ ഭാര്യ ഒരു മെയ്തേയ് ആയിരുന്നു. എന്നിട്ടും ഞങ്ങളുടെ കുഞ്ഞിന് രക്ഷയുണ്ടായില്ല’-മകന്‍റെ വിയോഗം വിവരിച്ചുകൊണ്ട് പിതാവ് ജോഷ്വ ഹാങ്സിങ് വിതുമ്പി. ജൂൺ നാലിനാണ് ഏഴ് വയസുകാരൻ ടൻസിങ് ഹാങ്സിങ് ഇംഫാലിൽ കൊല്ലപ്പെട്ടത്. ടൻസിങിന്‍റെ മാതാവ് മീന ഹാങ്സിങ് ഒരു മെയ്തേയ് ക്രിസ്ത്യനായിരുന്നു. അവരും കലാപത്തിൽ കൊല്ലപ്പെട്ടു.
‘ഭാര്യയുടെയും മകന്റെയും മരണവാർത്ത കേട്ടപ്പോൾ, എന്റെ മറ്റ് രണ്ട് മക്കളെ അറിയിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ എങ്ങനെയോ അവർക്ക് വിവരം ലഭിച്ചു. വാർത്ത കേട്ടനിമിഷം അവർ ബോധരഹിതരായി’ -നിർത്താതെ കരയുന്നതിനിടെ ഹാങ്സിങ് ദി ക്വിന്റിനോട് പറഞ്ഞു.
‘അവർ മെയ്തേയ് ആയിരുന്നിട്ടും രക്ഷപ്പെട്ടില്ല. 7 വയസ്സ് മാത്രം പ്രായമുള്ള എന്റെ മകനും രക്ഷപ്പെട്ടില്ല. ഇതാദ്യമായാണ് ഇത്രയും മനുഷ്യത്വമില്ലായ്മ ഞാൻ കാണുന്നത്. എന്റെ കുടുംബം ആക്രമിക്കപ്പെട്ടപ്പോൾ ആരും സഹായിക്കാൻ എത്തിയില്ല’.
‘എന്റെ ഭാര്യയും അവളുടെ സുഹൃത്തും മെയ്തേയ് ആയിരുന്നതിനാൽ, അവർ (മെയ്തേയ്) അവരോട് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. മെയ്തികൾ ഇങ്ങനെ പെരുമാറുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് 4 -5 മെയ്തേയ് വീടുകൾ ഉണ്ട്. പക്ഷേ ഞങ്ങൾ അവരെ ഒന്നും ചെയ്തില്ല. എന്റെ ഭാര്യയോടും മകനോടും ഇതേ രീതിയിൽ പെരുമാറുമെന്ന് ഞാൻ കരുതി. പക്ഷേ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. മെയ്തേയ്കൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി’-ഹാങ്സിങ് ദി ക്വിന്റിനോട് പറഞ്ഞു



