കടുത്ത വേനൽചൂടിൽ കേരളം വെന്തുരുകുന്നു. പല ജില്ലകളിലും  ഉയർന്ന താപനില രേഖപ്പെടുത്തുമ്പോഴും കാര്യമായ മഴ ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് പാലക്കാട്ടെ താപനില.

കൊല്ലം ജില്ലയിലെ പുനലൂരിലും ഏതാണ്ട് 40 ഡിഗ്രി സെൽഷ്യസിന് അടുത്താണ് ചൂട് രേഖപ്പെടുത്തിയത്. ഉൾനാടൻ പ്രദേശങ്ങളായ കോട്ടയം, തൃശ്ശൂരിലെ വെള്ളാനിക്കര എന്നിവിടങ്ങളിൽ താപനില 36 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. തീരദേശ മേഖലകളിൽ തിരുവനന്തപുരത്ത് 34.8 ഡിഗ്രി സെൽഷ്യസും കൊച്ചി വിമാനത്താവള പരിസരത്ത് 33.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. എന്നാൽ അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം കാരണം യഥാർത്ഥ താപനിലയേക്കാൾ കൂടുതൽ ചൂടാണ് അനുഭവിക്കേണ്ടി വരുന്നത്.