പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്. രാഹുൽ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബംഗാളിൽ മമത ബാനർജിയുടെ ധ്രുവീകരണ രാഷ്ട്രീയം ബി.ജെ.പിയുടെ വളർച്ചയ്ക്ക് സഹായകരമാകുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തോടാണ് തൃണമൂൽ നേതാവ് രൂക്ഷമായി പ്രതികരിച്ചത്. 

പല പ്രധാന സംസ്ഥാനങ്ങളിലും ബി.ജെ.പിയെ നേരിടാനുള്ള ഉത്തരവാദിത്തത്തിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടുവെന്നും ഇപ്പോൾ പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ  പരോക്ഷമായി സഹായിക്കുകയാണെന്നും കുനാൽ ഘോഷ് ആരോപിച്ചു. “രാഹുൽ ഗാന്ധി വഞ്ചനയാണ് കാണിക്കുന്നത്. മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, ബീഹാർ എന്നിവിടങ്ങളിൽ ബിജെപിയെ തടയേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു.