ഏറെ പ്രസക്തമായ സമയത്താണ് ഇന്ത്യ ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. മഹാമാരിയുടെ പിടിയില്‍ ലോകമാകെ വിതുമ്പോള്‍ അതിന്റെ അണുക്കളെ പിടിച്ചു നിര്‍ത്താന്‍ ഭഗീരഥപ്രയത്‌നം നടത്തുകയാണ് നമ്മുടെ രാജ്യവും. ഈ പ്രതിസന്ധി ഘട്ടത്തില്‍, രാജ്യത്തിന്റെ എക്കാലത്തെയും വലിയ ആരോഗ്യപ്രതിരോധത്തെയാണ് നാം ഉയര്‍ത്തിക്കാട്ടിയത്. അതും മതേതരത്വവും സാഹോദര്യവും ഒരിക്കല്‍ കൂടി ഇവിടെയും നിറഞ്ഞു നിന്നത് നാം കണ്ടു. പ്രാണവായുവിനു വേണ്ടി പിടിഞ്ഞവരിലേക്ക് ആശ്വാസത്തിന്റെ തലോടലുമായി ജീവന്‍ പണയം വച്ചെത്തിയവരെ നാം കണ്ടു. അതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യമായി നാം ആഘോഷിക്കേണ്ടത്.
അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള എല്ലാ സമ്മര്‍ദ്ദങ്ങളെയും ഫലപ്രദമായി നിലയ്ക്കു നിര്‍ത്താന്‍ നമ്മുടെ രാജ്യത്തിനു കഴിഞ്ഞു. ശാസ്ത്രത്തിന്റെയും സാങ്കേതികതകയും മെച്ചപ്പെടലുകള്‍ നാം കണ്ടു. അതിനൊക്കെയും വിഘാതമായത് കോവിഡ് എന്ന ഈ പകര്‍ച്ചവ്യാധിയാണ്. അതിനെയും നാം വാക്‌സിനുകളുടെ മഹത്തായ നിര്‍മ്മാണത്തിലൂടെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നു. ലോകത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമതെന്നതു പോലെ തന്നെ കോവിഡ് രോഗികളുടെ കാര്യത്തിലും നാം രണ്ടാമതാണ്. എന്നാല്‍, അതിനെയൊക്കെയും ചിട്ടയായ രീതിയില്‍ പിടിച്ചു നിര്‍ത്തി കൊണ്ട് വാക്‌സിനേഷന്‍ എന്ന വലിയ കുത്തിവെയ്പ് നടത്തി ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാവുകയാണ് ഇന്ത്യ, ഈ സ്വാതന്ത്ര്യദിനത്തില്‍ ഞാന്‍ എന്റെ രാജ്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു, പുളകം കൊള്ളുന്നു. ജനിച്ചനാടും ജനിപ്പിച്ച മാതാവും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്നു പാടിയ കവിവാക്യമാണ് എല്ലാവരെയും പോലെ എന്നെയും ത്രസിപ്പിക്കുന്നത്. ആ വികാരത്തോടെ പറയട്ടെ, ഉയരട്ടെ ത്രിവര്‍ണ്ണപതാക വാനിലെങ്ങും, വിരിയട്ടെ സ്വാതന്ത്ര്യകാഹളം പാരിലെങ്ങും.
ഇന്ത്യ ഒരു മഹാരാജ്യം എന്നതിലുപരി ഒരു പൈതൃകത്തിന്റെയും പ്രതാപത്തിന്റെയും ചരിത്രസത്യമാണ്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അതിനു വേണ്ടി ജീവത്യാഗം ചെയ്തവരെ കൂടി നാം ഈ വേളയില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. വിദേശശക്തികളുടെ ബൂട്ടുകള്‍ക്കിടയില്‍ കിടന്ന് പ്രാണവേദനയോടെ നിലവിളിച്ചവരെ നാം ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ പഴമക്കാരൊക്കെയും അത് അനുഭവിച്ചതാണ്. ആ ദിനത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സാദരം പ്രണമിക്കുന്നു. ഒപ്പം ആഴ്ചവട്ടത്തിന്റെ ലോകമെമ്പാടുമുള്ള മലയാളി വായനക്കാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും ചെയ്യുന്നു.
ഡോ. ജോര്‍ജ് എം. കാക്കനാട്
ചീഫ് എഡിറ്റര്‍
ആഴ്ചവട്ടം



