കോട്ടയം: രോഗബാധിതനാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെ തിരുവഞ്ചൂർ തന്നെയാണ് ഈ വിവരം അറിയിച്ചത്. ഉമ്മൻ ചാണ്ടിയോട് സംസാരിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചു എന്നത് അനാവശ്യ പ്രചാരണമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. എന്തിനാണ് ഇത്തരം വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിക്ക് അസുഖം വരുന്നത് ഇത് ആദ്യമായല്ല. അസുഖം എന്താണെന്ന് കൃത്യമായി അറിയേണ്ടതുണ്ട്. ഇതിനായി വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് ജർമനിയിലേക്ക് പോകുന്നത്. ദുഷ്പ്രചാരണത്തിന് പിന്നിൽ സ്വാർഥ താൽപര്യമുള്ളവരാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.



