ഫേസ്ബുക്ക് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ഉപഭോക്താക്കളുടെ എണ്ണത്തിൽ 25 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തിലാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നതെന്ന് വ്യവസായ വിശകലന റിപ്പോർട്ട് പറയുന്നു.

പ്രാദേശിക ഡേറ്റാ ട്രാക്കറായ ഐജിഎവർ‍ക്സ് ( IGAworks) ന്റെ ഡേറ്റാ അനാലിസിസ് യൂണിറ്റായ മൊബൈൽ ഇൻഡെക്‌സ് പ്രകാരം 2020ൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 1.48 കോടിയായിരുന്നു. ഇതാണ് കഴിഞ്ഞ മാസം ഇത് 1.1 കോടിയായി ഇടിഞ്ഞത്.ഗൂഗിളിന്റെയും ആപ്പിളിന്റെയും മൊബൈൽ ആപ്പ് സ്റ്റോറുകളിൽ നിന്നുള്ള ഡാറ്റ  അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.

ദക്ഷിണ കൊറിയയിലെ പുതിയ തലമുറയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊറിയ ഇൻഫർമേഷൻ സൊസൈറ്റി ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 25 നും 38 നും ഇടയിൽ പ്രായമുള്ള  ഉപയോക്താക്കളുടെ നിരക്ക് 2021ൽ 27 ശതമാനമാണ്.   2017 ൽ ഇത് 48.6 ശതമാനമായിരുന്നു എന്നോർക്കണം.