വാഷിംഗ്ടണ്‍: റഷ്യയുമായുള്ള യുദ്ധത്തില്‍ ഉക്രെയ്‌നെ പിന്തുണയ്ക്കാന്‍ അമേരിക്ക ചെയ്യേണ്ടതിലേറെ ചെയ്യുന്നു എന്ന ആശങ്ക അമേരിക്കന്‍ ജനതയ്ക്കിടയില്‍ വര്‍ധിക്കുന്നെന്ന് എബിസി ന്യൂസ്/വാഷിംഗ്ടണ്‍ പോസ്റ്റ് സര്‍വേഫലം. 41 ശതമാനം പേര്‍ ഇപ്പോള്‍ ഉക്രെയിനിനെ പിന്തുണയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം ആവശ്യത്തിലേറെ ശ്രമിക്കുന്നതായി കുറ്റപ്പെടുത്തുന്നു. ഫെബ്രുവരിയില്‍ 33% ഉം 2022 ഏപ്രിലില്‍ 14% ഉം ആയിരുന്നു ഇത്തരത്തില്‍ അഭിപ്രായപ്പെട്ടവരുടെ എണ്ണം.  

യുഎസ് ഉക്രെയ്‌നെ സഹായിക്കാന്‍ ശരിയായ തുകയോ അല്ലെങ്കില്‍ അതില്‍ ഏറെ കുറവോ മാത്രമേ ചെലവഴിക്കുന്നുള്ളൂ എന്ന് അഭിപ്രായപ്പെട്ടത് സര്‍വേയില്‍ പങ്കെടുന്ന 50% ആളുകളാണ്. ഏഴ് മാസം മുമ്പ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടവര്‍ 60% ആയിരുന്നു. യുദ്ധത്തിന്റെ ആദ്യ മാസങ്ങളില്‍ 73 ശതമാനവും. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അധിക സഹായം തേടി അമേരിക്ക സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ബൈഡന്‍ ഭരണകൂടത്തെ അല്‍പ്പം പ്രതിസന്ധിയിലാക്കുന്ന സര്‍വേ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 

കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസില്‍ സെലെന്‍സ്‌കി പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ചിരുന്നു. ഉക്രെയ്നിന് 24 ബില്യണ്‍ ഡോളര്‍ അധിക സഹായത്തിനായി ബൈഡന്‍ യുഎസ് കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നതിനിടയിലാണ് ജനങ്ങള്‍ എതിരാകുന്നെന്ന് സൂചിപ്പിക്കുന്ന സര്‍വേ ഫലം എത്തിയിരിക്കുന്നത്. ഉക്രെയ്നിന് ഏകദേശം 110 ബില്യണ്‍ ഡോളറിന്റെ സഹായം യുഎസ് ഇതുവരെ നല്‍കിയിട്ടുണ്ട്.