മാസങ്ങള്‍ക്ക് ശേഷം ജില്ലയിലെ ദേശ മംഗലം പഞ്ചായത്തും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികളിലെ 36 വാര്‍ഡുകളും ഒഴിച്ച്‌ ബാക്കിയുള്ള സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് രാവിലെ മുതല്‍ തുറന്നു. ടി.പി.ആര്‍ നിരക്ക് ഒഴിവാക്കി ജനസംഖ്യാനുപാതികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടാണ് വ്യാപാര സ്ഥ്ാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. അതേസമയം ആരോഗ്യ വകുപ്പ് ഇറക്കിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച പട്ടികയും ജില്ലാ കളക്ടര്‍ പുറത്തിയ പട്ടികയും തമ്മില്‍ ഏറെ പൊരുത്തക്കേടുകളാണ് ഉള്ളത്. ആയിരത്തില്‍ പത്ത് പേര്‍ക്ക് കൊവിഡ് പോസറ്റീവാണെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തമെന്ന നിര്‍ദ്ദേശമാണ് ഉള്ളത്. ഇതനുസരിച്ച്‌ അരോഗ്യ വകുപ്പ് പുറത്തിറക്കിയ പട്ടികയില്‍ ദേശമംഗലത്തിന് പുറമേ ഏറിയാട് പഞ്ചായത്തും ട്രിപ്പിള്‍ ലോക്ഡൗണ്‍ പരിധിയിലാണ്. എന്നാല്‍ ജില്ലാ ഭരണകൂടം ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ ഏറിയാട് പഞ്ചായത്തിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച ഏറ്റവും കൂടുതല്‍ ടി.പി.ആര്‍ നിരക്ക് രേഖപ്പെടുത്തിയ സ്ഥാലം കൂടിയാണ് ഏറിയാട്. അതേ സമയം ഇന്നലെ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക് ഡൗണുകളില്‍ ഒറ്റ ഗ്രാമപഞ്ചായത്ത് പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ വാരാവലോകനത്തില്‌ 46 തദ്ദേശ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിരുന്നു. ഇവിടെ ഒരിടത്ത് പോലും പുതിയ നിര്‍ദ്ദേശ പ്രകാരം നിയന്ത്രണങ്ങളില്ല. ജില്ലയിലെ നിരവധി വാര്‍ഡുകളില്‍ പത്ത് മുതല്‍ 30 കൊവിഡ് രോഗികള്‍ ഉള്ളവരുണ്ട്. ഒരോ വാര്‍ഡിലും പരമാവധി 1500 പേര്‍ മാത്രമായിരിക്കും ജനസംഖ്യ. അത്‌കൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ഏറെ വിട്ടുവീഴ്ച്ചകള്‍ നടത്തിയാണ് പ്രഖ്യാപിച്ചതെന്നാണ് അറിയുന്നത്.

ആശ്വാസത്തോടെ വ്യാപാരികള്‍

നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും കച്ചവട സ്ഥാപനങ്ങള്‍ ആഴ്ച്ചയില്‍ ആറു ദിവസം തുറക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് വ്യാപാരികള്‍. ഒരു ഡോസ് വാക്‌സിനെടുത്തവരോ, കൊവിഡ് വന്നു മാറിയവര്‍ക്കോ കടകളില്‍ പോകാം എന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും ഓണമടുത്തതോടെ കടകള്‍ തുറക്കാന്‍ അവസരം ലഭിച്ചത് ഏറെ പ്രതീക്ഷയാണ് ഉയര്‍ത്തുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഖാദര്‍ പറഞ്ഞു. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്ബത് മണി വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാം.