യു.എസ് സര്‍ക്കാരിനെ ചെലവ് ചുരുക്കാന്‍ പഠിപ്പിച്ച് ഇലോണ്‍ മസ്‌ക് ബിസിനസിലേക്ക് മടങ്ങുമ്പോള്‍ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളെന്ന് റിപ്പോര്‍ട്ട്. ഒരുലക്ഷം ഡോളറിന്റെ ചെലവ് കുറക്കുമെന്ന് പ്രഖ്യാപിച്ച മസ്‌കിന് നേരിടേണ്ടി വന്നത് വലിയ പ്രതിഷേധമാണ്. യൂറോപ്പിലേക്ക് കൂടി വ്യാപിച്ച പ്രതിഷേധക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയെയാണ്. ബ്രാന്‍ഡ് മൂല്യം ഇടിഞ്ഞതിനൊപ്പം വില്‍പ്പനയിലും കനത്ത തിരിച്ചടിയാണ് ടെസ്‌ലക്ക് നേരിടേണ്ടി വന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുന്‍പ് ട്വിറ്റര്‍ ആയിരുന്നത്), ബഹിരാകാശ കമ്പനിയായ സ്‌പേസ്എക്‌സ്, സാറ്റലൈറ്റ് കമ്പനി സ്റ്റാര്‍ലിങ്ക് എന്നിവയും മോശം അവസ്ഥയിലാണ്. ഇവയെല്ലാം പഴയ ട്രാക്കിലെത്തിക്കാന്‍ മസ്‌കിന് വലിയ പരിശ്രമം ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ട്.
ടെസ്‌ലയില്‍ പ്രതിസന്ധി രൂക്ഷം
ചൈനീസ് ബ്രാന്‍ഡായ ബി.വൈ.ഡി കളംനിറഞ്ഞതോടെ ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസത്തില്‍ ടെസ്‌ലയുടെ ലാഭം ഇടിഞ്ഞത് 71 ശതമാനമാണെന്ന് കണക്കുകള്‍ പറയുന്നു. മസ്‌കിന്റെ തിരിച്ചുവരവ് കമ്പനിയില്‍ എന്തുമാറ്റമുണ്ടാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ കഴിയാത്തതും ചില ഫാക്ടറികള്‍ അടച്ചുപൂട്ടിയതും ആദ്യ പാദത്തിലെ വില്‍പ്പനയെ ബാധിച്ചെങ്കിലും മസ്‌കിന്റെ രാഷ്ട്രീയ ചുമതലയാണ് ഏറ്റവും കൂടുതല്‍ വിനയായത്. നിക്ഷേപകര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും മസ്‌ക് ടെസ്‌ലക്ക് വേണ്ടി ചെലവഴിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
ബഹിരാകാശത്തും തിരിച്ചടി
മസ്‌കിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പരീക്ഷണം ഒമ്പതാം തവണയും പരാജയപ്പെട്ടിരുന്നു. അടുത്ത വര്‍ഷം ചന്ദ്രനിലേക്കുള്ള യാത്രക്ക് നാസക്ക് ഉപയോഗിക്കാനുള്ള റോക്കറ്റുകളാണ് തുടര്‍ച്ചയായ പരാജയം ഏറ്റുവാങ്ങി സമുദ്രത്തില്‍ പതിക്കുന്നത്. എന്നാല്‍ പരീക്ഷണങ്ങള്‍ പരാജയപ്പെടുന്നുണ്ടെങ്കിലും കമ്പനിയുടെ സാമ്പത്തിക വശം മികച്ചതാണെന്നും അനലിസ്റ്റുകള്‍ പറയുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് 350 ബില്യന്‍ ഡോളര്‍ മൂല്യം കണക്കാക്കിയാണ് കമ്പനിയുടെ ഓഹരികള്‍ വില്‍പ്പന നടത്തിയത്.
ഇന്ത്യയിലടക്കം വമ്പന്‍ പ്ലാനുകള്‍
മസ്‌കിന്റെ ഉപഗ്രാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കും ടെസ്‌ല മോട്ടോര്‍സും വൈകാതെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചന. മുംബൈയില്‍ ഷോറൂമിന് സ്ഥലം കണ്ടെത്തിയ ടെസ്‌ല ആദ്യ മോഡലായ മോഡല്‍ വൈ ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സാറ്റലൈറ്റ് ഇന്റര്‍നെറ്റിനുള്ള സര്‍ക്കാര്‍ അനുമതിയെല്ലാം ലഭ്യമായെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിമാസം 850 രൂപ നിരക്കിലാകും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്.
പിടിവിട്ട ലഹരി
അതേസമയം, ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം അതിരുകടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെറ്റാമിന്‍, എക്ടസി, ലഹരി കൂണുകള്‍ എന്നിവ മസ്‌ക് ഉപയോഗിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്ന് കുപ്പിയില്‍ എപ്പോഴും മസ്‌കിന്റെ കൈവശം ലഹരിയുണ്ടായിരുന്നു. സാധാരണയേക്കാള്‍ കവിഞ്ഞ ലഹരി ഉപയോഗം മസ്‌കിന്റെ ആരോഗ്യം മോശമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉന്മാദനായി വൈറ്റ് ഹൗസില്‍
ഇതിന് പിന്നാലെ ഓവല്‍ ഓഫീസിലെ യാത്രയയപ്പ് ചടങ്ങില്‍ ഡൊണള്‍ഡ് ട്രംപിനൊപ്പമുള്ള മസ്‌കിന്റെ പെരുമാറ്റവും ആളുകളില്‍ സംശയമുണര്‍ത്തി. ലഹരി ഉപയോഗിച്ച് ഉന്മാദനായാണ് അദ്ദേഹം കാണപ്പെട്ടതെന്നും ലഹരി വിമുക്തി കേന്ദ്രത്തിലാക്കണമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. മസ്‌കിന്റെ മുഖത്തുണ്ടായിരുന്ന പാടുകള്‍ അമിത ലഹരി ഉപയോഗത്തിന്റെ ഫലമാണെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍ അദ്ദേഹം ക്ഷീണിതനാണെന്നും ഉറക്കക്കുറവാണ് മുഖത്തുള്ളതെന്നുമായിരുന്നു ചിലരുടെ അഭിപ്രായം.
ഇപ്പോഴത്തെ ലഹരി ഉപയോഗ ആരോപണത്തോട് മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെറിയ അളവില്‍ കെറ്റാമിന്‍ എന്ന ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് 2024ലെ ഒരു അഭിമുഖത്തില്‍ മസ്‌ക് തുറന്നുപറഞ്ഞിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ രണ്ടാഴ്ചയില്‍ ഒരിക്കലാണ് താന്‍ ലഹരി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മസ്‌കിന്റെ ലഹരി ഉപയോഗം പലപ്പോഴും അതിരുകടക്കാറുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.