ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ‘ജെമിനി’ മൊബൈല്‍ ആപ്ലിക്കേഷനായി ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളിലെത്തി. ഇംഗ്ലീഷും മലയാളവും അടക്കം 10 ഭാഷകളില്‍ ജെമിനി ചാറ്റ്ബോട്ടിന്റെ സേവനം ലഭ്യമാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ജെമിനി ആപ്പ് ഉടന്‍ എത്തും എന്നും ഗൂഗിള്‍ അറിയിച്ചു. ടൈപ്പ് ചെയ്തോ ശബ്ദസന്ദേശത്തിലൂടെയോ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തോ ജെമിനി ചാറ്റ്ബോട്ടിന്റെ സഹായം തേടാം.

ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ്ബോട്ടാണ് ജെമിനി. സൂപ്പര്‍ചാര്‍ജ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്റിന് സമാനമാണ് ജെമിനി ആപ്ലിക്കേഷന്‍. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പോലെയുള്ളവയോട് മത്സരിക്കാന്‍ ഉറപ്പിച്ചാണ് ഗൂഗിള്‍ ജെമിനി എഐ അവതരിപ്പിച്ചത്. ഇപ്പോള്‍ ജെമിനിയുടെ ആന്‍ഡ്രോയ്ഡ് ആപ്പും പുറത്തുവന്നിരിക്കുന്നു. ഗൂഗിളിന്റെ ഏറ്റവും നവീനമായ എഐ സാങ്കേതികവിദ്യ ജെമിനി ആപ്പും ജെമിനി അഡ്വാന്‍സ്ഡും നല്‍കും എന്നാണ് വാഗ്ദാനം. ഇംഗ്ലീഷിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു, ഉറുദു ഭാഷകളില്‍ ജെമിനി ഉപയോഗിക്കാം. ജെമിനി അഡ്വാന്‍സ്ഡ് ആപ്പില്‍ ഡാറ്റ അനാലിസിസും ഫയല്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.