മംഗളൂരു: കർണാടകയിൽ വീണ്ടും സദാചാര പൊലീസ് ആക്രമണം. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആൺകുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചു. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേർ ഇവരെ തടഞ്ഞത്. തുടർന്ന് അവർ മൂന്ന് ആൺകുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതർക്കമായി.
ആൺകുട്ടികൾ മൂന്ന് പേരും മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരും പെൺകുട്ടികൾ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരുമായിരുന്നു. അക്രമികൾ മൂന്ന് യുവാക്കളെയും മർദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.20 ഓടെ ഒരു കൂട്ടം സുഹൃത്തുക്കൾ സോമേശ്വര ബീച്ച് കാണാൻ എത്തിയതായിരുന്നു. കുറച്ച് ആളുകൾ വന്ന് പേരടക്കമുള്ള വിവരങ്ങൾ ചോദിച്ച ശേഷം മൂന്ന് ആൺകുട്ടികളെയും മർദിക്കുകയായിരുന്നുവെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.



