Train Fire: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്റെ കോച്ച് കത്തിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പശ്ചിമ ബാഗാളിൽ നിന്നാണ് പ്രതിയായ പുഷൻജിത് സിംഗിനെ പൊലീസ് പിടികൂടുന്നത്. കണ്ണൂർ റെയിൽവേ പോലീസ് കോച്ചിൽ നിന്ന് ശേഖരിച്ച വിരലടയാളം ഇയാളുടേതുമായി സാമ്യമുള്ളതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കത്തിനശിച്ച ട്രെയിൻ കോച്ചിൽ നിന്ന് ശേഖരിച്ച 10 വിരലടയാളങ്ങളിൽ നാലെണ്ണം പുഷൻജിത്തിന്റേതാണെന്ന് ഫോറൻസിക് സംഘം സ്ഥിരീകരിച്ചതായി ഒൺമനോരമ റിപ്പോർട്ട് ചെയ്യുന്നു. അതെ സമയം, താൻ ഒരു യാചകനാണെന്ന് ഇയാൾ അവകാശപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഇന്റലിജൻസ് ബ്യൂറോ (IB), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തുടങ്ങിയ കേന്ദ്ര ഏജൻസികൾ വെള്ളിയാഴ്ച സംഭവസ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തുകയാണ്.

വ്യഴാഴ്ച പുലർച്ചെ ഒന്നരയോടെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്‌റ്റേഷൻ ജീവനക്കാർ കണ്ണൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം പുലർച്ചെ 3.15 ഓടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നുവെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ മേധാവി പറഞ്ഞു. ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് 20-30 മീറ്റർ അകലെ ഭാരത് പെട്രോളിയവും 100 മീറ്റർ അകലെ ഇന്ധന ഡിപ്പോയും ഉണ്ടായിരുന്നു. നിശ്ചലമായിരുന്ന ട്രെയിനിൻ്റെ ഒരു കോച്ചിലാണ് തീപിടിച്ചത്തമുണ്ടായതെന്നും അദ്ദേഹം അറിയിച്ചു.

കോച്ചിന്റെ ജനാലകളിൽ നിന്ന് വലിയ തീജ്വാലകൾ പുറത്തേക്ക് വരുന്നതും കട്ടിയുള്ള പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നതും കാണാമായിരുന്നു, എല്ലാ യാത്രക്കാരും ഇറങ്ങിയ ശേഷമാണ് സംഭവമുണ്ടായതെന്നും അതിനാൽ തന്നെ ആർക്കും പരിക്കില്ലെന്നും കണ്ണൂർ ആർപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആക്രമണത്തെ തുടന്ന്, കോൺഗ്രസും ബിജെപിയും സംസ്ഥാന സർക്കാരിനെ രൂക്ഷമായ വിമർശിച്ചു. സർക്കാരും പോലീസും ഇത്തരം കാര്യങ്ങളിൽ ഗൗരവമായി ഇടപെടുന്നില്ലെന്നും ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ജനങ്ങളുടെ മനസ്സിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും  സർക്കാർ ഇടപെട്ട് സുരക്ഷാ നടപടികൾ ശക്തമാക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ രണ്ടിലെ എലത്തൂർ തീവണ്ടി തീവെപ്പ് സംഭവം കേരള പോലീസ് കൈകാര്യം ചെയ്തതെങ്ങനെയെന്ന് വ്യക്തമാണെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പോലീസ് വീഴ്ചയുണ്ടായെന്നും സതീശൻ കുറ്റപ്പെടുത്തി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ തുടരുകയാണെങ്കിൽ കാര്യങ്ങൾ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നും ഇത്തരം ട്രെയിൻ തീപിടിത്തങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയത്തെ, ഇത്തരം സംഭവങ്ങൾ ജനങ്ങളിൽ, പ്രത്യേകിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ ഭയവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും, എന്തുകൊണ്ടാണ് ഇത് കേരളത്തിൽ വീണ്ടും വീണ്ടും സംഭവിക്കുന്നതെന്നും പരിശോധിക്കണമെന്ന് ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ അമെനിറ്റീസ് കമ്മിറ്റി (പിഎസി) ചെയർമാൻ പി കെ കൃഷ്ണദാസ് വ്യാഴാഴ്ച പറഞ്ഞു. ട്രെയിനുകളിലും സ്റ്റേഷനുകളിലും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള സംഘടനയാണ് പിഎസി

ഈ സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നതെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം കൃഷ്ണദാസ് പറഞ്ഞു. ഇത് യാദൃശ്ചികമല്ലെ, ആസൂത്രിതമായ ഗൂഢാലോചനയായിരുന്നുവെന്നും ഈ കേസ് അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിന്റെയും ഏജൻസികളുടെയും ശ്രമഫലമായി സംസ്ഥാനത്ത് സമാധാനം നിലനിൽക്കുന്നുണ്ടെന്നും അല്ലാത്തപക്ഷം തീവ്രവാദികളും തീവ്രവാദി സംഘടനകളും ചേർന്ന് സംസ്ഥാനം ചുട്ടെരിക്കുമെന്നും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു. വോട്ടുബാങ്കിനായി കേരള സർക്കാർ ദേശീയ സുരക്ഷയെ ബലികഴിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ മതതീവ്രവാദികളും തീവ്രവാദ ഗ്രൂപ്പുകളും സജീവമാണെന്നാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും അവരെ വേരോടെ പിഴുതെറിയാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. ഇത്തരം സംഘടനകൾക്കുള്ള വലിയ വോട്ട് ബാങ്കാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ഏപ്രിൽ രണ്ടിന് കോഴിക്കോട് ജില്ലയിലുണ്ടായ തീവണ്ടി തീവെപ്പിൽ ഒരു കുഞ്ഞുൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവം രാജ്യത്താകെ ഞെട്ടലുണ്ടാക്കിയിരുന്നു. അന്ന് ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് കോഴിക്കോട് എലത്തൂരിനടുത്ത് കോരപ്പുഴ പാലത്തിലെത്തിയപ്പോൾ പ്രതി ഷാരൂഖ് സെയ്ഫി സഹയാത്രികരെ തീകൊളുത്തുകയായിരുന്നു.