രിങ്ങാലക്കുട -തൃപ്രയാർ റൂട്ടിലോടുന്ന നിമ്മിമോൾ ബസുകളുടെ ഉടമ മോഹനൻ കാട്ടിക്കുളം എന്ന അറുപത്തിയാറുകാരൻ ഗതാഗതവകുപ്പിന്റെ പിഴയടച്ചുമടുത്തു. അർഹതപ്പെട്ട അവകാശം നേടാനായി ഓഫീസുകൾ കയറിയിറങ്ങിയും ഇദ്ദേഹം സഹികെട്ടിരിക്കുകയാണ്. 20 വർഷം ബഹ്റൈനിലും ഇറാഖിലും ജോലിചെയ്ത് മോഹനൻ സമ്പാദിച്ചതാണ് ബസുകൾ.

2000-ൽ നാട്ടിലെത്തി. 2005-ൽ രണ്ട് ബസ് വാങ്ങി ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിൽ സർവീസ് തുടങ്ങി. ഒരു ബസ് പുറപ്പെട്ട് പത്തു മിനിറ്റിനു ശേഷമായിരുന്നു അടുത്ത ബസിനുള്ള സമയം. 2010 ജൂലായ് ഏഴിന് പുറപ്പെടുവിച്ച പുതിയ സർവീസ്ടൈം ഷെഡ്യൂൾ പ്രകാരം രണ്ടു ബസുകളും തൃപ്രയാറിൽനിന്ന് 9.50-ന് പുറപ്പെടണമെന്നായി. 

ഇത് ചൂണ്ടിക്കാണിച്ചപ്പോൾ ക്ലറിക്കൽ പ്രശ്നമാണെന്നും ഉടൻ തിരുത്താമെന്നും അറിയിച്ചു. പഴയ സമയക്രമപ്രകാരം സർവീസ് നടത്താനുള്ള ആർ.ടി.ഒ.യുടെ വാക്കാലുള്ള നിർദേശം വിശ്വസിച്ച് സർവീസ് നടത്തിയതോടെ വകുപ്പിന്റെ വലിയ പിഴയെത്തി. അവസാനമായി 7,500 രൂപ പിഴയടച്ചത് ഒക്ടോബർ ഏഴിന്.

2010 ജൂലായ് ഏഴിന് വരുത്തിയ തെറ്റ് റോഡുഗതാഗത വകുപ്പ് ഇതുവരെ തിരുത്തിയതുമില്ല. മോഹനൻ നൽകിയ പരാതിയിൽ പ്രശ്നം ഒരു മാസത്തിനുള്ളിൽ പരിഹരിക്കണമെന്ന് മനുഷ്യാവാകാശ കമ്മിഷൻ 2023 മെയ് ആറിന് ഉത്തരവിട്ടതാണ്. മോഹനന്റെ പരാതി ന്യായമാണെന്നും ക്ലറിക്കൽ തെറ്റു കാരണമുണ്ടായ സമയപ്രശ്നം ഉടൻ പരിഹരിക്കുമെന്നും ആർ.ടി.ഒ. മനുഷ്യാവകാശ കമ്മിഷനു മുന്നിൽ രേഖാമൂലം ഉറപ്പുനൽകിയതാണ്.

മോഹനന്റെ ബസുകൾക്ക് നേരെയുണ്ടാകുന്ന നടപടികൾ മുമ്പും വാർത്തയായിട്ടുണ്ട്. തൃപ്രയാറിൽനിന്ന് ഇരിങ്ങാലക്കുട ഠാണാവ് വരെ സർവീസ് നടത്തേണ്ടിയിരുന്ന മോഹനന്റെ നിമ്മിമോൾ ബസ് സാങ്കേതികപ്രശ്നം കാരണം ഒരു ദിവസം സർവീസ് പൂർത്തിയാക്കിയില്ല. സർവീസ് പൂർത്തിയാക്കാത്തതിനും ബസ് വഴിയരികിൽ നിർത്തിയതിനും ബസ്സുടമ കെ.പി. മോഹനന് റോഡ് ട്രാൻസ്പോർട്ട് അധികൃതർ 7500 രൂപ പിഴയിട്ടത് മുമ്പ് വാർത്തയായിരുന്നു.

തൃപ്രയാർ മുതൽ ഠാണാവ് വരെയാണ് ബസുകൾക്ക് സർവീസ് നടത്താൻ അനുമതി. അതുപ്രകാരം മോഹനന്റെ ബസുകൾ സർവീസ് നടത്തി. എന്നാൽ, തൃപ്രയാറിൽനിന്നുള്ള ബസുകൾ ഠാണാവിലെത്താതെ ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കണമെന്ന് റോഡ് ട്രാൻസ്പോർട്ട് അധികൃതർ പുതിയ ഉത്തരവിറക്കിയിരുന്നു. ഇതറിയാതെ ഒരുദിവസം ഠാണാവ് വരെ സർവീസ് നടത്തിയതിന് മോഹനൻ മുമ്പ് വിശദീകരണം നൽകേണ്ടി വന്നിട്ടുണ്ട്.