കിഴക്കേക്കോട്ട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ രസകരമായ സംസാരത്തിലൂടെ പൃഥ്വി സദസ്സിനെ കയ്യിലെടുത്തു. 

“ഇങ്ങനെയുള്ള ഒരു ചടങ്ങിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിയ്ക്ക് ക്ഷണിക്കുന്നത്. അതുകൊണ്ട് എന്തായാലും വന്നുകളയാമെന്നോർത്തു,” ചടങ്ങിനിടെ പൃഥ്വി പറഞ്ഞു. തിരുവനന്തപുരം മേയറായ ആര്യാ രാജേന്ദ്രനാണ് പൃഥ്വിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

ഒരുപാട് നാളുകള്‍ക്ക് ശേഷം തന്റെ ഒരു ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നതിലുള്ള സന്തോഷവും പൃഥ്വി രേഖപ്പെടുത്തി. കാപ്പയുടെ ചിത്രീകരണത്തിലാണ് പൃഥ്വിയിപ്പോൾ. ” യാദൃച്ഛികവശാല്‍ തിരുവനന്തപുരത്തുള്ള സമയത്തുതന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂള്‍ ചെയ്യപ്പെടാനും അതില്‍ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍.”

“സിനിമ താരങ്ങള്‍ ജനിച്ച നാട്ടില്‍ പരിപാടിയ്ക്ക് പോകുമ്പോള്‍ സ്ഥിരം പറയുന്നതാണ് ജനിച്ച നാട്ടില്‍ വരുമ്പോളുള്ള സന്തോഷം എന്ന്. എന്നാല്‍ എന്നെ സംബന്ധിച്ച് ഇതില്‍ യഥാര്‍ത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ് നടക്കുന്നത്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു ചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം,” പൃഥ്വി പറഞ്ഞു.