മുന്‍ എം പി ആത്ഖ അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊന്നത് പ്രശസ്തിക്ക് വേണ്ടിയാണ് പിടിയിലായ പ്രതികളുടെ മൊഴി. ഈ കൊലപാകതത്തിലൂടെ യു പി യിലെ ഏറ്റവും വലിയ മാഫിയസംഘമാകാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അഞ്ച് പ്രതികളാണ് ഈ കേസില്‍ ഉള്ളത്. ഇതില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ട്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീര്‍പൂര്‍ സ്വദേശി അരുണ്‍ മൌര്യ എന്നിവരെയാണ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് പിടികൂടിയത്. രണ്ട് പേര്‍ രക്ഷപ്പെടുകയും ചെയ്തു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് യു പി യില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. യുപി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. . മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

അതീവ സുരക്ഷാ വലയത്തിലാണ് മുന്‍ എം പിയും ഗുണ്ടാ നേതാവുമായിരുന്ന അതിഖിനെയും സഹോദരനെയും വൈദ്യപരിശോധനക്ക് ഹാജരാക്കാന്‍ കൊണ്ടുവന്നത്. ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ അതീഖിനെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായാണ് ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. രാത്രി മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മുന്നു പേര്‍ വെടിവച്ചത്.

സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പതിനേഴ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കനത്ത സുരക്ഷാ സന്നാഹം ഉണ്ടായിട്ടും ഇത്രയടുത്തെത്തി പ്രതികള്‍ക്ക് ഈ കൊലപാതകം നടത്താനുള്ള സഹായം ആര് നല്‍കി എന്നതാണ് ദുരൂഹമായി തുടരുന്നത്. പൊലീസില്‍ നിന്നും പ്രതികള്‍ക്ക് സഹായം കിട്ടിയതായും സൂചനയുണ്ട്. അതിഖ് അഹമ്മദിനോട് കടുത്ത വിരോധം ഉള്ള ചിലര്‍ പൊലീസിലെ ചിലരുടെ സഹായത്തോടെ ചെയ്തതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.