ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റുകളുടെ തീവ്രത വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് ഐഐടി ഖരക്പൂരിലെ മലയാളി ഗവേഷകര്‍ . 1979 മുതല്‍ 2019 വരെയുള്ള ചുഴലിക്കാറ്റുകളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത് .

ലോകത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ 6% ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖലയും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലുമുള്‍പ്പെടുന്ന മേഖലയിലാണ്. ആഗോളതാപനം മൂലം സമുദ്ര താപനിലയിലുണ്ടാകുന്ന വ്യത്യാസം, നീരാവിയുടെ അളവ് എന്നിവ ശക്തമായ ചുഴലിക്കാറ്റുകള്‍ക്കിടയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് .

സമുദ്രനിരപ്പില്‍ ചൂട് വര്‍ധിച്ചതുമൂലം 1979 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നീരാവിയുടെ തോത് 1.93 മടങ്ങ് വര്‍ധിച്ചു. 2019 ജൂണ്‍, ജൂലായ് മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണെന്ന് മുന്‍പും പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നീരാവിയും ചൂടും ചുഴലിക്കാറ്റുകള്‍ക്ക് അനുകൂലഘടകമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിവസങ്ങളെടുത്താണ് തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയിരുന്നത് . എന്നാല്‍ ഇപ്പോള്‍ ഈര്‍പ്പത്തിന്റെ അളവു മൂലം കുറച്ചുസമയത്തിനുള്ളില്‍ തന്നെ ചുഴലിക്കാറ്റ് അതിതീവ്രമാകുന്നു.

സമുദ്രനിരപ്പിലെ ചൂട് തന്നെയാണ് നീരാവിയുടെ അളവില്‍ വലിയ വര്‍ധനയുണ്ടാക്കിയത്. പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസവും ചുഴലിക്കാറ്റുകളെ തീവ്രമാക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കടലില്‍ ചൂട് വര്‍ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതിഫലനമാണ്. കടലിനോട് ചേര്‍ന്ന് കിടക്കുന്ന ജൈവ-ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്ന് തീരദേശമേഖലയെ സംരക്ഷിച്ചുനിര്‍ത്താമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കോലഞ്ചേരി സ്വദേശിയായ ജിയ ആല്‍ബര്‍ട്ട്, പെരുമ്ബാവൂര്‍ സ്വദേശി ആതിര കൃഷ്ണന്‍, തിരുവനന്തപുരം സ്വദേശി പ്രസാദ് കെ. ഭാസ്കരന്‍ എന്നിവരാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.