കൊച്ചി: തനിക്കെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിൽ നടൻ ദിലീപിന്റെ സുഹൃത്തുക്കളാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റെ ഫാൻസ് അസോസിയേഷന്റെ ഒരു ഭാരവാഹി അതിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും ഇതിൽ പങ്കുണ്ട്. ദിലീപിന് വേണ്ടി ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.
എഫ്ഐആർ വഴി എനിക്ക് പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്. അന്വേഷണത്തിൽ അവർ പല സ്ഥലത്ത് പല പേരുകളിൽ പല പ്രായത്തിലാണ് പ്രവർത്തിച്ചതെന്നാണ് കണ്ടത്. അവരെ അറിയില്ല. അവരുടെ ഫോട്ടോ പോലും താനിത് വരെ കണ്ടിട്ടില്ല.
തന്നെ അറസ്റ്റ് ചെയ്താൽ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്യും. തന്നെ അവരുടെ കൈയ്യകലത്തിൽ കിട്ടാനായിരുന്നു ശ്രമമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നിയമപരമായി ഏതറ്റം വരെയും പോകാൻ താൻ തയാറാണ്. അത് പോവും. സത്യം പറയുന്നവന് ഒരു വാക്കേ പറയാനാവൂ. ഏതറ്റം വരെ പോയാലും താൻ ആ പറഞ്ഞതിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.



