ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു.
ദാവൂദിന്റെ സഹോദരൻ ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം, അടുത്ത കൂട്ടാളികളായ ടൈഗർ മേമൻ (ഇബ്രാഹിം മുഷ്താക് അബ്ദുൾ റസാഖ് മേമൻ), ജാവേദ് പട്ടേൽ (ജാവേദ് ചിക്ന) എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്കും 15 ലക്ഷം രൂപ വീതവും ഛോട്ടാ ഷക്കീലിനെ (ഷക്കീൽ ഷെയ്ഖ്) കുറിച്ചുള്ള വിവരത്തിന് 20 ലക്ഷം രൂപയും എൻഐഎ പാരിതോഷികം നൽകും.
ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് ഐക്യരാഷ്ട്രസഭ 2003ൽ രണ്ടരക്കോടി ഡോളർ (25 ദശലക്ഷം) ഇനാം പ്രഖ്യാപിച്ചിരുന്നു. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ലക്ഷർ ഇ തോയിബ തലവൻ ഹാഫിസ് സഈദ്, ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകൻ സഈദ് സലാഹുദീൻ, സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കൊപ്പമാണ് ദാവൂദിനെയും യുഎൻ ഭീകരനേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിലയിട്ടത്.
ഇന്ത്യയെ നടുക്കിയ 1993ലെ മുംബൈ സ്ഫോടന പരന്പര അടക്കം ഇന്ത്യയിലെ നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതികളാണ് ദാവൂദ് ഇബ്രാഹിമും സഹായികളും. കഴിഞ്ഞ ഫെബ്രുവരിയിൽ ദാവൂദിനെതിരേ എൻഐഎ പുതിയ കേസെടുത്തിരുന്നു.
പാക് ചാരസംഘടന ഐഎസ്ഐയുടെയും ഭീകരസംഘടനകളുടെയും സഹായത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും കൊലപ്പെടുത്താൻ ദാവൂദിന്റെ ഡി എന്ന കന്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചതായി വിവരം കിട്ടിയതിനെ തുടർന്നായിരുന്നു പുതിയ കേസ്. ഇന്ത്യയിലെ പല കള്ളപ്പണ ഇടപാടികളിലും ദാവൂദിന്റെ കൈയുള്ളതായി ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ദാവൂദുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ മുൻ ന്യൂനപക്ഷ മന്ത്രി നവാബ് മാലിക്കിനെ കഴിഞ്ഞ ഫെബ്രുവരിയിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു.



