ട്രിപ്പിള്‍ ലോക്ഡൗണിനിടെ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ലോറി ഉടമകളും തൊഴിലാളികളും പണിമുടക്കിലേക്ക്. വയാനാട് സ്വദേശി എല്‍ദോക്കാണ് മലപ്പുറം വടക്കേമണ്ണയില്‍ വച്ച്‌ പൊലീസ് മര്‍ദ്ദനമേറ്റത്. മഹാരാഷ്ട്രയില്‍ നിന്ന് അരി കയറ്റിയ ലോറിയുമായി മലപ്പുറത്തേക്ക് വരുന്നതിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്.

പൊലീസ് വാഹന പരിശോധന നടക്കുന്നതിനിടയില്‍ ലോറി കുറച്ച്‌ മുന്നോട്ട് കയറ്റി നിര്‍ത്തിയതാണ് തുടക്കം. ഇതിന്‍റെ പേരില്‍ പൊലീസ് ലോറി ഡ്രൈവറേയും ക്ലീനറേയും വഴക്ക് പറഞ്ഞു. പിന്നീട് വാഹനം കടത്തിവിട്ടു. ലോറി പോകുന്നതിനിടയില്‍ എല്‍ദോ അസഭ്യം പറഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് എല്‍ദോയെ പൊലീസ് ലോറിയില്‍ നിന്ന് ബലമായി ഇറക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.റോഡില്‍വച്ച്‌ മര്‍ദ്ദിച്ചെന്നും സ്റ്റേഷനില്‍ മുട്ടുകുത്തി നിര്‍ത്തിച്ചെന്നും ലോറി ഉടമകള്‍ പരാതിപെട്ടു.