ഗുരു എന്ന വാക്ക് അന്വര്‍ത്ഥമാക്കുകയാണ് ഡോ. എം. എസ്. സുനില്‍ എന്ന റിട്ടേഡ് സുവോളജി പ്രൊഫസര്‍. അങ്ങനെ വ്യത്യസ്തത നിറഞ്ഞ ഒരു പേര് അവര്‍ക്കായി സ്വന്തം അച്ഛന്‍ സമ്മാനിച്ചു. ഇന്ന് ആരോരുമില്ലാത്തവര്‍ക്ക് തണലായി അതേ വ്യത്യസ്ത സമൂഹത്തിന് മാര്‍ഗദീപമായി തെളിഞ്ഞുനില്‍ക്കുന്നു. 2006ല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി തുടങ്ങിവെച്ച ജീവിതം, 2018 രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ന് അഞ്ച് ജില്ലകളിലായി ഇരുന്നൂറിലധികം വീടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു സുനില്‍ ടീച്ചര്‍. അവരുടെ ഇരുന്നൂറ്റി നാലാമത്തെ വീട് കേരളത്തിന്റെ ബഹു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് കഴിഞ്ഞ ശനിയാഴ്ച താക്കോല്‍ദാനം നിര്‍വഹിക്കുകയും ചെയ്തു. സ്വന്തം അധ്വാനഫലമായി ഇനി രണ്ട് വീടുകള്‍ കൂടി കൈമാറാന്‍ തയ്യാറെടുക്കുന്നു, അതോടൊപ്പം മറ്റ് ആറു വീടുകളുടെ പണികള്‍ പുരോഗമിച്ചു കൊണ്ടുമിരിക്കുന്നു.

കോവിഡ് മഹാമാരിയുടെ കാലത്തും അശരണരായ 42 കുടുംബങ്ങള്‍ക്ക് തണലൊരുക്കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഈ ടീച്ചര്‍. 2018ലെ മഹാപ്രളയത്തില്‍ വലഞ്ഞ 24 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കി എന്നു മാത്രമല്ല, പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി കേരളത്തില്‍ ആദ്യത്തെ വീട് നിര്‍മ്മിച്ച് നല്‍കിയതും ടീച്ചറായിരുന്നു. തന്റെ ചെറുപ്പം മുതലേ, ഈയടുത്ത് മരണപ്പെട്ട റിട്ടേഡ് ബാങ്ക് മാനേജരായ പിതാവ് എം. എം സാമുവലും, സ്‌കൂള്‍ അധ്യാപികയായിരുന്ന അമ്മ ശോശാമ്മയും തന്റെ വീട്ടിലും, പറമ്പിലും പണിയെടുക്കുന്നവരെയും, പരിസരത്തുള്ള പാവങ്ങളെയും സഹായിക്കുന്നത് കണ്ടാണ് സുനില്‍ വളര്‍ന്നത്. അങ്ങനെ 1995ല്‍ കാതോലിക്കറ്റ് കോളേജില്‍ സുവോളജി വിഭാഗം ലക്ചററായി ജോലിയില്‍ പ്രവേശിച്ചു.
പിന്നീട് 2016ല്‍ രണ്ടാം തവണ കാതോലിക്കേറ്റ് കോളേജില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു. അതേ വര്‍ഷമാണ് എംജി യൂണിവേഴ്‌സിറ്റി ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി എന്‍.എസ്.എസ് പ്രോഗ്രാമിന്റെ ഭാഗമാക്കുന്നത്. അതിന്‍പ്രകാരം അര്‍ഹരായ കുട്ടികളുണ്ടെങ്കില്‍ ഓഫീസില്‍ കോണ്‍ടാക്ട് ചെയ്യണമെന്ന് അറിയിച്ചു അനൗണ്‍സ് ചെയ്തു. എന്നാല്‍ ആരും സമീപിക്കുകയുണ്ടായി ഇല്ല. പിന്നീട് എന്റെ വിദ്യാര്‍ത്ഥിനിയായ സജിനിയാണ് എന്റെ തന്നെ എം എസ് സി ക്ലാസ്സില്‍ പഠിക്കുന്ന ആശയുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെടുന്നത്.
ആശയും കുടുംബവും കൊടുമണ്‍ മെയിന്‍ റോഡിന് സമീപമുള്ള ഒരു പുറമ്പോക്കു ഭൂമിയില്‍ പ്ലാസ്റ്റിക് ഷെഡ്ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. ‘ഞാന്‍ അന്ന് അവളെ അവിടെ കാണാന്‍ ചെല്ലുമ്പോള്‍, തലേദിവസം അവള്‍ എന്റെ ക്ലാസ്സില്‍ ഇട്ടു കൊണ്ടുവന്ന ചുരിദാറിന്റെ ഷാള്‍ ആയിരുന്നു അവളുടെ ഷെഡിന്റെ വാതില്‍,’ സുനില്‍ കൂട്ടിച്ചേര്‍ത്തു. അങ്ങിനെ സംഭാവനയായ 98000 രൂപയും, ബാക്കി സ്വന്തം സമ്പാദ്യവും ചെലവഴിച്ച് 1,19,000 രൂപക്ക് ആശയുടെ വീട് പൂര്‍ത്തിയാക്കി. അന്ന് ആശയുടെ മുഖത്ത് വിരിഞ്ഞ സന്തോഷവും, സമാധാനവും ആണ് പിന്നീട് ഭവനരഹിതര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തിലേക്ക് എന്നെ നയിച്ചത്.
‘വീട് നിര്‍മ്മിച്ച് നല്‍കുമ്പോള്‍ ആരോരുമില്ലാത്ത ക്യാന്‍സര്‍ രോഗിയായ കൊടുമണ്‍ സ്വദേശി കുറുമ്പയെ പോലുള്ളവരുടെ മുഖത്ത് വിരിയുന്ന സന്തോഷവും സ്‌നേഹവുമല്ലാതെ മറ്റെന്താണ് ഈ ജന്മത്തില്‍ ഇത്രയും അധികം ആത്മനിര്‍വൃതി നല്‍കുക’?
ഇതുവരെ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി 206 വീടുകള്‍ അശരണര്‍ക്കായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു ഈ അദ്ധ്യാപിക.
‘ഇതുപോലെ അശരണര്‍ക്കായി വീട് നിര്‍മ്മിച്ച് ഒരു ഗ്രാമം പടുത്തുയര്‍ത്തുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം’, സുനില്‍ കൂട്ടിച്ചേര്‍ത്തു.
ടീച്ചറിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി കോന്നി സ്വദേശി കെ പി ജയലാല്‍ എപ്പോഴും കൂടെയുണ്ട്.
ഏറ്റവും കുറഞ്ഞ ചിലവില്‍ സുരക്ഷിത ഭവനം നിര്‍മ്മിക്കുക എന്ന മാതൃകയാണ് പിന്തുടരുന്നത്. 650 സ്‌ക്വ. ഫീറ്റ് വലിപ്പമുള്ള ഓരോ വീടും രണ്ടു മുറികള്‍ , അടുക്കള, ഹാള്‍, ശുചിമുറി, സിറ്റൗട്ട് എന്നിവ അടങ്ങിയതാണ്. തങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടവും, ഇടനിലക്കാരില്ലാതെ സാധനങ്ങള്‍ വാങ്ങുന്നതും ഇത്ര ചുരുങ്ങിയ ചിലവില്‍ 20 ദിവസത്തിനുള്ളില്‍ ഒരു വീട് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. സ്ത്രീകളും കുട്ടികളും വിധവകളും രോഗികളും അടങ്ങിയ കുടുംബത്തിനാണ് മുന്‍ഗണന നല്‍കുന്നത്.
എല്ലാവര്‍ഷവും പ്രവേശനോത്സവം മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പഠന സാമഗ്രികളും നല്‍കുന്നു.
കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സൗകര്യപ്രദമാക്കുന്നതിന് 13 ലാപ്‌ടോപ്പുകളും 3 ടെലിവിഷനുകളും നല്‍കുകയും ചെയ്തു.
‘ആദ്യത്തെ കണ്മണി ആണായിരിക്കുമെന്ന് കരുതി എന്റെ പിതാവ് നല്‍കാന്‍ കാത്തുവച്ച പേരായിരുന്നു സുനില്‍’ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.



