തിരുവനന്തപുരം: ശനിയാഴ്ച രാത്രി 10.25 നു ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച എയര്‍ അറേബ്യ വിമാനം അറബിക്കടലിനു മീതെ പറന്നപ്പോള്‍ ഒരു പുതുചരിത്രം പിറന്നു. കേരളത്തിലെ തീരദേശമേഖലയ്ക്കു എന്നെന്നും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു ചരിത്രം നേട്ടം. തിരുവനന്തപുരം കൊച്ചുതുറ എന്ന തീരദേശ ഗ്രാമത്തില്‍നിന്നുള്ള ജെനി ജെറോം എന്ന യുവതിയാണ് സഹപൈലറ്റായി കോക്പിറ്റിനുള്ളില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യല്‍ പൈലറ്റായി ഈ കൊച്ചുതുറക്കാരി മാറി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യല്‍ പൈലറ്റ് എന്ന നേട്ടവും ജെനിയെ തേടിയെത്തി.

തെക്കന്‍ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തില്‍ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനമായി മാറിയത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൈലറ്റാകണമെന്ന മോഹം ജെനിയുടെ മനസില്‍ കയറി കൂടിയത്. എല്ലാ പിന്തുണയും നല്‍കി അച്ഛന്‍ ഒപ്പം നിന്നു.

ചെറിയ പ്രായത്തിലേ അച്ഛനൊപ്പം അറേബ്യന്‍ നാട്ടിലേക്കു പോയതാണ് ജെനിയും കുടുംബവും. അജ്മാനില്‍ സ്ഥിരതാമസമാക്കിയ ജെനി പൈലറ്റാകുന്നതിനുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. മൂന്നു മാസം മുമ്പാണ് ജെനിക്ക് വിമാനം പറത്താനുള്ള ലൈസന്‍സ് ലഭിക്കുന്നത്.

വൈകാതെ എയര്‍ അറേബ്യയുടെ ഭാഗമായി മാറിയ ജെനിയ്ക്ക്, തന്‍റെ ജന്മനാട്ടിലേക്കുള്ള ആദ്യ യാത്രയാണിത്. പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷമാണ് ജെനി പൈലറ്റാകുന്നതിനുള്ള ശ്രമം തുടങ്ങിയത്. പരിശീലന കാലഘട്ടം ഏറെ ആവേശകരമായി തന്നെ പൂര്‍ത്തിയാക്കി. ആദ്യമൊക്കെ അല്‍പ്പം ബുദ്ധിമുട്ട് തോന്നി. പരിശീലനത്തിനിടെ ഒരു തവണ അപകടത്തില്‍പെടുകയും ചെയ്തു. എന്നാല്‍ ഇച്ഛാശക്തികൊണ്ട് എല്ലാ വെല്ലുവിളികളെയും ജെനി അനായാസം മറികടന്നു. ഒടുവില്‍ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ജെനിക്ക് സാധിച്ചിരിക്കുന്നു.

ജെനിക്ക് രണ്ടു വയസ് ഉള്ളപ്പോഴാണ് അച്ഛന്‍ ജെറോ ജോവിന്‍ കുടുംബത്തോടൊപ്പം ജോലി തേടി ദുബായില്‍ എത്തുന്നത്. പിന്നീട് അജ്മാനില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ബിയാട്രീസാണ് ജെനിയുടെ മാതാവ്. ജെബി ജെറോം സഹോദരനാണ്.