സ്വത്ത് തട്ടിയെടുക്കാനായി യുവതി സ്വന്തം അമ്മയെ വിഷം നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഇന്ദുലേഖയ്ക്ക് വിനയായത് ഗൂഗിളിലെ സെര്‍ച്ച് ഹിസ്റ്ററി. പോലീസ് നടത്തിയ ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ഇന്ദുലേഖ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇവരുടെ ഫോണ്‍ പരിശോധിച്ച പോലീസ് സംഘത്തിന്
നിര്‍ണായകമായ പലവിവരങ്ങളും ലഭിച്ചു.
എലിവിഷത്തെക്കുറിച്ചും ഇത് കഴിച്ചാല്‍ എങ്ങനെ മരണം സംഭവിക്കുമെന്നതിനെക്കുറിച്ചും ഇന്ദുലേഖ ഗൂഗിളില്‍ തിരഞ്ഞിരുന്നതായാണ് സൂചന. ഇക്കാര്യം പോലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് ഇന്ദുലേഖ കുറ്റം സമ്മതിച്ചതെന്നും പറയുന്നു.
അമ്മയ്ക്കൊപ്പം അച്ഛന് ചന്ദ്രനെയും ഇന്ദുലേഖ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ രുചിച്ചപ്പോള്‍ കയ്പുരസം തോന്നിയ ചന്ദ്രന് ചായ കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായും ചന്ദ്രന് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ചയാണ് തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രുക്മിണി മരിച്ചത്. കഴിഞ്ഞ 17-ാം തീയതിയാണ് രുക്മിണിയെ മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞ് ഇന്ദുലേഖ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഇവിടെനിന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



