തിരുവല്ലയിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം യു.എസിലേക്ക് കുടിയേറുമ്പോൾ നിയമ പഠനം എന്നത് ജൂലി എ മാത്യുവിന്റെ മനസിൽ പോലുമുണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് ബിസിനസ് രംഗത്ത് പിതാവ് നേരിട്ട ചില നിയമപ്രശ്നങ്ങളാണ് അവരെ ഈ പാതയിലേക്ക് വഴിതിരിച്ചു വിട്ടത്. യു.എസ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരിക്കയാണ് 15വർഷമായി അഭിഭാഷക രംഗത്തുള്ള ജൂലി. ജൂലി ഉള്‍പ്പെടെ മൂന്നുപേരാണ് ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി സ്ഥാനമേറ്റത്.

കാസര്‍കോട് ഭീമനടിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ഓണ്‍ലൈനായിട്ടായിരുന്നു ജൂലി സത്യപ്രതിജ്ഞ ചെയ്തത്. 15 വര്‍ഷം അറ്റോണിയായിരുന്നു. ഭര്‍ത്താവ് ജിമ്മി മാത്യു യു.എസില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും നാട്ടിലെത്തിയത്.

ജൂലിക്ക് പുറമെ കാസര്‍കോഡ് ബളാല്‍ സ്വദേശി സുരേന്ദ്രന്‍ കെ.പട്ടേല്‍, കോന്നി കൊക്കാത്തോട് സ്വദേശി കെ.പി. ജോര്‍ജ് എന്നിവരാണ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് മലയാളികള്‍.