ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങൾ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലാണെന്നും, “ആഭ്യന്തര മന്ത്രിയിൽ നിന്ന് ഞങ്ങൾക്ക് വേണ്ട പ്രതികരണം ലഭിച്ചില്ല” എന്നും എയ്‌സ് ഗ്രാപ്ലർ സാക്ഷി മാലിക്കിന്റെ ഭർത്താവ് സത്യവ്രത് കാഡിയൻ പറഞ്ഞു,
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ശനിയാഴ്ച വൈകിട്ട് ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ യോഗം ചേർന്നിരുന്നു, രാത്രി വരെ നീണ്ടുനിന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
“ആഭ്യന്തര മന്ത്രിയിൽ നിന്ന് ഞങ്ങൾ ആഗ്രഹിച്ച പ്രതികരണം ലഭിക്കാത്തതിനാൽ ഞങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങി വന്നു. ഞങ്ങൾ പിന്നോട്ട് പോകില്ല,” ഗുസ്തിക്കാരുടെ പ്രതിഷേധം അതിന്റെ അടുത്തഘട്ടത്തിലേക്ക് പോകുമെന്നും കഡിയൻ വ്യക്തമാക്കി.
സമരക്കാരായ ഗുസ്തിക്കാർ തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ചെയ്യാൻ ഹരിദ്വാറിലേക്ക് പോയിരുന്നു. എന്നാൽ, കർഷക നേതാവ് നരേഷ് ടികായത് എത്തി ഗുസ്തിതാരങ്ങളെ തടയുകയായിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷമാണ് അമിത് ഷാ യുമായിള്ള കൂടി കാഴ്ച. ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ജൂൺ ഒമ്പതിന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് അന്ത്യശാസനം നൽകിയാണ് താരങ്ങളുടെ ഇറങ്ങി വരവ്.
അതെ സമയം, അമിത് ഷായെ കാണുന്നതിന് മുമ്പ് ഗുസ്തിക്കാർ കായിക മന്ത്രി അനുരാഗ് താക്കൂറുമായും കൂടിക്കാഴ്ച നടത്തി. അവരുടെ ആരോപണങ്ങളിൽ ന്യായമായ അന്വേഷണം നടത്തുമെന്ന് താക്കൂർ വാഗ്ദാനം ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തിക്കാർ പ്രതിഷേധത്തിലാണ്. ബ്രിജ് ഭൂഷണെതിരെ ഇതുവരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ പോക്‌സോ നിയമപ്രകാരം കേസും എടുത്തിട്ടുണ്ട്