കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ താക്കീതിന് പിന്നാലെ മണിപ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി കലാപകാരികള്‍ 140ലധികം ആയുധങ്ങള്‍ പൊലീസിന് കൈമാറി. സുരക്ഷാ സേനയുടെ ആയുധങ്ങള്‍ മോഷ്ടിച്ചവര്‍ ഉടന്‍ തന്നെ അവ അധികൃതരെ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

പോലീസിന് കൈമാറിയ ആയുധങ്ങളില്‍ എസ്എവ്ഡ ആര്‍ 29, കാര്‍ബൈന്‍ , എകെ, ഇന്‍സാസ് റിഫിള്‍, ഇന്‍സാസ് എല്‍എംജി, 03 റൈഫിള്‍, 9 എംഎം പിസ്റ്റള്‍, 32 പിസ്റ്റള്‍, എം 16 റൈഫിള്‍, സ്‌മോക്ക് ഗണ്‍, കണ്ണീര്‍ വാതകം, തദ്ദേശീയമായി നിര്‍മ്മിച്ച പിസ്റ്റള്‍, സ്റ്റാന്‍ ഗണ്‍, എന്നിവയെല്ലാം ഉണ്ടെന്നും മണിപ്പൂര്‍ പൊലീസ് വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. കോമ്പിംഗ് ഓപ്പറേഷന്‍ ഉടന്‍ ആരംഭിക്കും. കര്‍ശന നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കലാപത്തെക്കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.