അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, അൽഖായിദ തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരിൽ ഐ.എസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം ഒമ്പത് മലയാളികൾ ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പോളിഷ് വനിത മോണിക്കയാണ് നിർണായക വിവരം അറിയിച്ചത്.
കേരളത്തിൽ നിന്ന് ഐ.എസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.
ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ 2016 ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറായിരുന്നു. എന്നാൽ, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു ഹർജി നൽകിയത്. മകളെയും ചെറുമകളെയും നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമാണ് ബിന്ദുവിന്റെ ആവശ്യം.



