അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ വിവിധ കോണുകളിൽ നിന്ന് ആശങ്കകളുയരുന്നു. അഫ്ഗാൻ ദേശീയ വനിതാ ടീമിലെ മുൻ അംഗമായ ഖാലിത പോപ്പലും തൻ്റെ ആശങ്ക പങ്കുവച്ചു. രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി ഒരുപാട് ശ്രമിച്ചു എന്നും ഇപ്പോൾ അവരോട് അപ്രത്യക്ഷരാവാൻ പറയേണ്ടിവരുന്നത് ഹൃദയം തകർക്കുകയാണെന്നും വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
1996ൽ താലിബാൻ കാബൂൾ പിടിച്ചടക്കിയതിനു പിന്നാലെ കുടുംബത്തോടൊപ്പം രാജ്യം വിട്ട താരമാണ് പോപ്പൽ. പാകിസ്താനിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയായിരുന്ന താരം 20 വർഷങ്ങൾക്കു മുൻപ് അഫ്ഗാനിലേക്ക് തിരികെ എത്തിയതാണ്. “അടുത്ത തലമുറയിലെ സ്ത്രീപുരുഷന്മാർക്ക് വേണ്ടി ഈ രാജ്യത്തെ പോഷിപ്പിക്കാമെന്ന് ഞങ്ങളുടെ തലമുറ ആഗ്രഹിച്ചിരുന്നു. അതിനാൽ മറ്റ് യുവതികൾക്കൊപ്പം ചേർന്ന് ഫുട്ബോളിലൂടെ അവരെ പ്രചോദിപ്പിക്കാൻ ഞാൻ ആരംഭിച്ചു. 2007ൽ ഒരു ടീം ആരംഭിക്കാനുള്ള മുഴുവൻ താരങ്ങളെയും ഞങ്ങൾക്ക് ലഭിച്ചു. ഈ ജഴ്സി ധരിക്കുന്നത് ഞങ്ങൾക്ക് അഭിമാനമായിരുന്നു. താലിബാനെതിരെ ടെലിവിഷനിൽ സംസാരിച്ചതിന് എനിക്കെതിരെ നിരവധി വധഭീഷണികൾ ലഭിച്ചു. എൻ്റെ ജീവിതം അപകടത്തിലായിരുന്നു. ഒടുവിൽ, 2016ൽ എനിക്ക് അഫ്ഗാൻ വിട്ട് ഡെന്മാർക്കിലേക്ക് കുടിയേറേണ്ടിവന്നു.”- പോപ്പൽ പറഞ്ഞു.
“ടീം അംഗങ്ങൾ കരയുകയാണ്. അവർ സങ്കടത്തിലാണ്. അവർക്ക് ഒട്ടേറെ ചോദ്യങ്ങളുണ്ട്. അവർ ഒളിച്ചിരിക്കുകയാണ്. അവരിൽ അധിക പേരും സ്വന്തം വീട് വിട്ട് ബന്ധുക്കളുടെ വീട്ടിലെത്തി ഒളിച്ചിരിക്കുകയാണ്. കാരണം അയൽവാസികൾക്ക് അവർ ഫുട്ബോൾ താരങ്ങളാണെന്ന് അറിയാം. താലിബാൻ എല്ലായിടത്തുമുണ്ട്. അവർ എല്ലാവരെയും ഭയപ്പെടുത്തുകയാണ്. അവർ ജനാലയിലൂടെ പുറത്തുള്ള ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. താലിബാൻ തീവ്രവാദികൾ വീടിനു പുറത്ത് നിൽക്കുകയാണ്.”- പോപ്പൽ പറയുന്നു.



