വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്താനും ടൊവിനോയ്ക്ക് സാധിച്ചു. 

അവസരങ്ങൾ മുന്നിൽ വന്നുനിന്ന് ടൊവിനോയെ സിനിമയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുകയായിരുന്നില്ല. സിനിമയോടുള്ള തീരാമോഹത്തോടെ, ഉണ്ടായിരുന്ന നല്ല ജോലിയും കളഞ്ഞ്, വീണും കിതച്ചും, അനിശ്ചിതത്വങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത ദിനരാത്രങ്ങളും താണ്ടിയാണ് ടൊവിനോ തോമസ് ഇന്നു കാണുന്ന സ്റ്റാർഡത്തിലേക്ക് എത്തിച്ചേരുന്നത്. തീവ്രമായി ആഗ്രഹിച്ചാൽ, അതിനായി പരിശ്രമിച്ചാൽ സ്വപ്നങ്ങൾ കയ്യെത്തി തൊടാം എന്ന് ജീവിതം കൊണ്ട് തെളിയിച്ചൊരു ചെറുപ്പക്കാരനാണ് ടൊവിനോ.

സിനിമയ്ക്കു പിന്നാലെ അലഞ്ഞ അനിശ്ചിതത്വങ്ങളുടെ കാലത്ത് പിന്തുണയുമായി കൂടെനിന്നത്, വീണുപോവാതെ ചേർത്തുനിർത്തിയ സഹോദരൻ ടിങ്സ്റ്റണെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധന്യ വർമയുമായുള്ള ചാറ്റ് ഷോയ്ക്ക് ഇടയിലാണ് ടൊവിനോ ചേട്ടനെ കുറിച്ച് വികാരനിർഭരമായി സംസാരിച്ചത്.

“ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നവരിൽ ഒരാൾ എന്റെ ചേട്ടനാണ്. ചേട്ടനെ കുറിച്ചു പറയുമ്പോൾ എനിക്കിപ്പോഴും കരച്ചിൽ വരും, സങ്കടം കൊണ്ടല്ലാട്ടോ, സന്തോഷം കൊണ്ടാണ്‌,” ചേട്ടനെ കുറിച്ചു പറയുമ്പോഴെ ടൊവിനോയുടെ വാക്കുകൾ ഇടറി.

“ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്. ഞാൻ ജോലി റിസൈൻ ചെയ്ത സമയത്ത് ചേട്ടനാകെ ഒമ്പതിനായിരം രൂപയോ മറ്റോ ആയിരുന്നു ആകെ ശമ്പളം. വളരെ താഴെ നിന്ന് തുടങ്ങിയതാണ് ചേട്ടനൊക്കെ. അന്നും കിട്ടുന്ന 9000 രൂപയിൽ നിന്ന് പകുതി ചേട്ടനെനിക്കു തരും. എനിക്ക് ഷർട്ട് വാങ്ങിക്കാനും ഓഡിഷനുപോവാനുമൊക്കെയായി. ഇപ്പോഴും ഫാമിലി നോക്കുന്നത് ചേട്ടനാണ്. ഫാമിലി മാൻ പുള്ളി തന്നെയാണ്, എന്നേക്കാളും പക്വത ചേട്ടനുണ്ട്,” ടൊവിനോ പറഞ്ഞു.

ഇന്നും ഞങ്ങൾ ഡ്രെസ്സൊക്കെ പരസ്‌പരം മാറി ഇടുന്നവരാണ്. ഞങ്ങൾ തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. എട്ടാം ക്ലാസ് വരെയൊക്കെ ഞങ്ങൾ തമ്മിൽ ഭയങ്കര ഇടിയായിരുന്നു. എന്റെ സ്ഥാനത്ത് ചേട്ടനും ചേട്ടന്റെ സ്ഥാനത്ത് ഞാനും ആയിരുന്നെങ്കിൽ ഇങ്ങനെ ആവില്ല, ചേട്ടൻ എന്നോട് ചെയ്ത അത്രയും നല്ല കാര്യങ്ങൾ ഞാൻ തിരിച്ചു ചെയ്തേക്കുമോ എന്നതിൽ എനിക്ക് സംശയമുണ്ട്.”

“ചേട്ടൻ വളരെ റിയാലിസ്റ്റാക്കായ ചിന്തകളുള്ള ഒരാളാണ്. എനിക്ക് പ്രീമിയം കാറുകൾ ഒരു മൂന്നെണ്ണം ഉണ്ട്. അതിൽ ഏതെങ്കിലും എടുത്ത് ഓടിക്കാൻ പറഞ്ഞാൽ കേൾക്കില്ല. അതൊന്നും വേണ്ട, അതിൽ സ്ക്രാച്ച് വീഴും, ഞാനെന്റെ വണ്ടിയെടുത്തോളാം എന്നു പറയും. ഞാൻ വീട്ടിൽ പിള്ളേരുടെ പേരിലൊക്കെ പിറന്നാൾ സമയത്ത് ചെറിയ ഡെപ്പോസിറ്റുകൾ ഇടും. ഒരു നാൾ ചേട്ടന്റെ കൊച്ചിന്റെ പേരിലും ഇട്ടു, അപ്പോൾ പുള്ളി എന്നോട് അത് തിരിച്ചെടുക്കാൻ പറഞ്ഞു. എന്നിട്ട് നീ ഇത്ര പൈസ കുറച്ചിട്, കാരണം നിന്റെ കൊച്ചിന് എനിക്കത്രയേ തരാൻ കഴിയൂ. അങ്ങനെ ചിന്തിക്കുന്ന ആളാണ് ചേട്ടൻ,” ടൊവിനോ പറഞ്ഞു.