ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.99 കോടി രൂപ വിലമതിക്കുന്ന 14 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ തെലങ്കാന സ്വദേശിയായ അധ്യാപകനെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു

അന്‍പത്തിരണ്ടുകാരനായ പ്രതി എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനത്തിലാണ് ബെംഗളൂരുവിലെത്തിയത്. രണ്ട് ട്രോളി ബാഗുകളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. ലഗേജ് പരിശോധനയ്ക്കിടെയാണ് ട്രോളി ബാഗുകളില്‍ ഹെറോയിന്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ബാഗിന്റെ അടിഭാഗത്തുള്ള രഹസ്യ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ കമ്പ്യൂട്ടര്‍ സ്‌കാനറുകളില്‍ പെടാതിരിക്കാന്‍ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നു. എന്നാല്‍ ബാഗിന്റെ അടിവശം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു

എത്യോപ്യയില്‍ നിന്നെത്തിച്ച മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിക്കുന്നതിനായി ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് മറ്റൊരു വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായും അധികൃതര്‍ അറിയിച്ചു. ബെംഗളൂരു വഴി ഡല്‍ഹിയിലേക്ക് വന്‍തോതില്‍ ഹെറോയിന്‍ കടത്തുന്നതായി ഡിആര്‍ഐയുടെ ബെംഗളൂരു യൂണിറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു.