കൊല്ലം: നീറ്റ് പരീക്ഷാ സെന്ററിൽ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ. കൊട്ടാരക്കര ഡിവൈഎസ്പിക്ക് മൂന്ന് പെൺകുട്ടികൾകൂടി ചൊവ്വാഴ്ച പരാതി നൽകി. മോശം അനുഭവമാണ് ഉണ്ടായതെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷ എഴുതിയതെന്നും പരീക്ഷ കേന്ദ്രത്തിൽ ദുരനുഭവം നേരിട്ട വിദ്യാർഥിനി പറഞ്ഞു.

വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. സ്കൂളിലെത്തിയ ഉടൻ സ്കാനിങ്ങാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. പെട്ടെന്ന് സ്കാൻ ചെയ്ത് വിടുമെന്ന് കരുതി. ഹുക്കുള്ള അടിവസ്ത്രമാണോ ഇട്ടതെന്ന് അവർ ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ അങ്ങോട്ടേക്ക് കയറി നിൽക്കാൻ പറഞ്ഞു. എന്താണ് സംഭവമെന്ന് പോലും മനസിലായില്ല. പല കുട്ടികളും മുറിയിലേക്ക് കയറുന്നതായി കണ്ടു. അതിനകത്ത് കയറി അടിവസ്ത്രം മാറണമെന്ന് പുറത്തുനിന്നവർ പറഞ്ഞു. അടിവസ്ത്രം സൂക്ഷിക്കാൻ മുറിയിൽ സ്ഥലമുണ്ടാകുമെന്ന് കരുതി. എന്നാൽ അതിനകത്ത് ഒരു മേശമാണ് മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവരുടെ അടിവസ്ത്രവും അതിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ അഴിപ്പിച്ചുവച്ച അടിവസ്ത്രം കിട്ടുമോ എന്നുപോലും സംശയിച്ചു’ – വിദ്യാർഥിനി പറഞ്ഞു. 

പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ അടിവസ്ത്രം സൂക്ഷിച്ച മുറിക്ക് പുറത്ത് വലിയ തിരക്കായിരുന്നു. ഭാഗ്യംകൊണ്ടാണ് തിരക്കിനിടയിൽ നിന്ന് അടിവസ്ത്രം കിട്ടിയത്. ചില കുട്ടികൾ അവിടെ കരയുന്നുണ്ടായിരുന്നു. എല്ലാവരുംകൂടി മുറിയിലേക്ക് ഇടിച്ചുകയറിയതോടെ അടിവസ്ത്രം ധരിക്കേണ്ടെന്നും കൈയിൽ ചുരുട്ടിക്കൊണ്ട് പോകാമെന്നും അവിടെനിന്നവർ പറഞ്ഞു. ഇതുകേട്ടപ്പോൾ വളരെ സങ്കടമായെന്നും വിദ്യാർഥിനി പറഞ്ഞു. ഷാൾ ഇല്ലാത്തതിനാൽ അടിവസ്ത്രം അഴിച്ചതോടെ മുടി മുന്നിലിട്ട് മറച്ചാണ് പരീക്ഷ എഴുതിയതെന്നും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് ഇരുന്നത് വല്ലാത്ത അവസ്ഥയായിരുന്നുവെന്നും വിദ്യാർഥിനി പറഞ്ഞു.

കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് ദുരനുഭവമുണ്ടായത്. ശൂരനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള ഏജൻസി ജീവനക്കാർക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസം ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. പരാതിയിൽ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അന്വേഷണത്തിന് നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ക്രിമിനൽ കുറ്റമാണെന്നും ശക്തമായ നടപടി വേണമെന്നും വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും എൻകെ പ്രേമചന്ദ്രൻ എംപിയും പറഞ്ഞു.