ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം സർക്കാരിന്റെ പതിവ് പ്രസംഗം മാത്രമേ രേഖപ്പെടുത്തൂ എന്ന പ്രമേയം മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അവതരിപ്പിച്ചതിന് പിന്നാലെ തമിഴ്‌നാട് ഗവർണർ ആർഎൻ രവി തിങ്കളാഴ്‌ച രാവിലെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയും ഗവർണർ ആർഎൻ രവിയും തമ്മിലുള്ള തർക്കം തിങ്കളാഴ്‌ച നിയമസഭയ്ക്കുള്ളിൽ രൂക്ഷമായത് സർക്കാർ തയ്യാറാക്കിയ പതിവ് പ്രസംഗത്തിന്റെ ഭാഗങ്ങൾ ഒഴിവാക്കിയതിനെ തുടർന്നാണ്.
‘ദ്രാവിഡ ഭരണ മാതൃക’ ഉൾപ്പെടെയുള്ള ചില വാക്കുകൾ ഗവർണർ ഒഴിവാക്കിയതിനെ തുടർന്ന് എംകെ സ്‌റ്റാലിൻ ആർഎൻ രവിയുടെ പ്രസംഗം തടസപ്പെടുത്തുകയും, തയ്യാറാക്കിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്‌തതോടെ, തുടർന്ന് ആർഎൻ രവി ഉടൻ സഭ വിട്ടു. ഒരുപക്ഷേ തമിഴ്‌നാട് നിയമസഭയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടായിരിക്കും. പുതുവത്സര ആശംസകളും വിളവെടുപ്പുത്സവമായ ‘പൊങ്കൽ’ ആശംസകളും നേർന്ന് രവി തമിഴിൽ പ്രസംഗം തുടങ്ങിയപ്പോൾ, നിയമസഭാംഗങ്ങൾ ‘തമിഴ്‌നാട് വാഴ്‌കവേ’ (തമിഴ്‌നാട് നീണാൾ വാഴട്ടെ), ‘എങ്കൾ നാട് തമിഴ്‌നാട്’ (ഞങ്ങളുടെ നാട് തമിഴ്‌നാട്) എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു.
20 ബില്ലുകൾ അംഗീകരിക്കാൻ വിസമ്മതിച്ചതുൾപ്പെടെ വിവിധ വിഷയങ്ങളിൽ തമിഴ്‌നാട് സർക്കാരും ഗവർണർ രവിയും തമ്മിൽ തർക്കമുണ്ട്. ഗവർണർ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ഡിഎംകെയും സഖ്യകക്ഷികളും ആരോപിച്ചു. കൂടാതെ ഗവർണർ സംസ്ഥാന രാഷ്ട്രീയത്തിൽ അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപിച്ച് ഡിഎംകെ ആർഎൻ രവിയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു.