ന്യൂഡല്‍ഹി: സിബിഎസ്ഇ, ഐസിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയെ അറിയിച്ചു. വ്യാഴാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ച കോടതി, ബോര്‍ഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതു മാറ്റിവച്ചു.
12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ച്, കഴിഞ്ഞ വര്‍ഷം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നും ചോദിച്ചു. മുന്‍വര്‍ഷത്തെ നിലപാടില്‍നിന്നു മാറ്റം വരുത്തുകയാണെങ്കില്‍ അതിന്റെ കാരണം കൃത്യമായി ബോധിപ്പിക്കാമെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നു അവശേഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കുന്നതിനായി സിബിഎസ്ഇ സമര്‍പ്പിച്ച നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. പ്രത്യേക മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ കഴിഞ്ഞ വര്‍ഷം ചില സംസ്ഥാനങ്ങളിലെ അവശേഷിച്ച പരീക്ഷകളുടെ ഫലം നിര്‍ണയിച്ചത്. ഇക്കാര്യം സുപ്രീം കോടതിയെ സമീപിച്ച അഭിഭാഷക മമത ശര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



