തിരുവനന്തപുരം: ജെൻഡർ വ്യത്യാസങ്ങളില്ലാതെ അധ്യാപകരെ “ടീച്ചർ’ എന്നു അഭിസംബോധന ചെയ്യണമെന്ന് ഉത്തരവ് നൽകി ബാലാവകാശ കമ്മീഷൻ. ഈ നിർദേശം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി.
“അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യുവാൻ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്. നവസമൂഹ നിർമിതിക്ക് നേതൃത്വം നൽകുന്നവരും നന്മയുള്ള ലോകത്തെ സൃഷ്ടിക്കുന്നവരുമാണ് ടീച്ചർമാർ. അതിനാൽ സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ അതിന്റെ സങ്കൽപ്പത്തിനോ തുല്യമാകുന്നില്ല. ടീച്ചർ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്നേഹാർദ്രമായ ഒരു സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയും.’- കമ്മീഷൻ വ്യക്തമാക്കി.