മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച ശങ്കർ മിശ്രയെ പുറത്താക്കി വെൽസ് ഫാർഗോ. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. ഇദ്ദേഹത്തെ പുറത്താക്കിയതായി വെൽസ് ഫാർഗോ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
വെൽസ് ഫാർഗോ ജീവനക്കാരിൽനിന്ന് ഉയർന്ന നിലവാരത്തിലുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മിശ്രയ്ക്കെതിരായ ആരോപണങ്ങൾ തങ്ങളെ അസ്വസ്ഥമാക്കുന്നു. ഇദ്ദേഹത്തെ വെൽസ് ഫാർഗോയിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. പോലീസുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സാമ്പത്തിക സ്ഥാപനമാണ് വെൽസ് ഫാർഗോ.
വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കര്‍ണാടക സ്വദേശിയായ സ്ത്രീ യാണ് പരാതിക്കാരി.
നവംബര്‍ 26നാണ് സംഭവം നടന്നത്. വിമാനത്തിലെ ദുരനുഭവം വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍.ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പു റത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം നടന്നയുടനെ പരാതിപ്പെട്ടിട്ടും എയര്‍ ഇന്ത്യ ക്യാബിന് ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.