ന്യൂഡൽഹി: വേഗത്തിലുള്ള വിചാരണയും സ്വാതന്ത്ര്യവും ആർക്കും ചോദ്യംചെയ്യാനാകാത്ത പവിത്രമായ അവകാശമാണെന്ന് സുപ്രീംകോടതി. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഈ പരാമർശം നടത്തിയത്. ഒരാൾ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നതിനുമുമ്പ് നീണ്ട കാലയളവിലെ തടവ് ‘വിചാരണ കൂടാതെയുള്ള ശിക്ഷ’യായി മാറാൻ അനുവദിക്കരുത്. സിസോദിയക്ക് സമൂഹത്തിൽ നല്ല സ്വാധീനമുണ്ടെന്നും അദ്ദേഹം രാജ്യം വിട്ട് പോകാനും വിചാരണക്ക് എത്താതിരിക്കാനും സാധ്യതയില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സി.ബി.ഐ, ഇ.ഡി എന്നിവക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. എന്നാൽ, സിസോദിയക്കെതിരായ കേസുകൾ ഇതിനകം പിടിച്ചെടുത്ത രേഖാമൂലമുള്ള തെളിവുകളെ ആശ്രയിച്ചിരിക്കുന്നതാണെന്നും അതിനാൽ, തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക കർശനമായ വ്യവസ്ഥകൾ ചുമത്തി പരിഹരിക്കാൻ കഴിയുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിനിടെ സുപ്രീംകോടതി ചുമത്തിയ അതേ വ്യവസ്ഥകൾ സിസോദിയക്കും ചുമത്തണമെന്ന് ബെഞ്ച് വിധി പ്രസ്താവിച്ചതിനു ശേഷം എസ്.വി. രാജു ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മേയ് 10ന് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസോ ഡൽഹി സെക്രട്ടേറിയറ്റോ സന്ദർശിക്കരുതെന്ന് സുപ്രീംകോടതി ഉപാധി വെച്ചിരുന്നു.

അന്വേഷണ ഏജൻസികളുടെ ആശങ്ക പരിഹരിക്കാൻ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ ശ്രമമുണ്ടായാൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് രാജു പറഞ്ഞപ്പോൾ അത് എപ്പോഴും സാധിക്കുമെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.